മുതിർന്ന നേതാവായ സിപി ജോണിന് സുരക്ഷിതമണ്ഡലം എന്ന നിലക്ക് തിരുവമ്പാടി ലീഗ് അക്കൗണ്ടിൽ കൊടുക്കാൻ നീക്കമുണ്ടായെങ്കിലും തീരുമാനമായില്ല.
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു വിഭജന ചര്‍ച്ചകൾ പുരോഗമിക്കുന്നു, ആര്‍എസ്പിയുമായും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായും യുഡിഎഫ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തി. മുൻമന്ത്രിമാരായ ഷിബുബേബി ജോൺ ചവറയിലും ബാബു ദിവാകരൻ ഇരവിപുരത്തും യുഡിഎഫ് സ്ഥാനാർത്ഥികളാകും. കോൺഗ്രസ്സും ജോസഫ് വിഭാഗവുമായുള്ള ഉഭയകക്ഷി ചർച്ച തുടരുകയാണ്. ജോസഫിന് വിട്ടുകൊടുക്കുന്ന സീറ്റുകളുടെ എണ്ണത്തിലും വെച്ച് മാറുന്ന സീറ്റിലും തർക്കങ്ങളുണ്ട്.
യുഡിഎഫിൽ ആർഎസ്പിക്ക് കിട്ടിയ അഞ്ച് സീറ്റുകളിൽ മൂന്നിടത്തും സ്ഥാനാർത്ഥികളായിട്ടുണ്ട്. ചവറ തിരിച്ചുപിടിക്കാൻ മുൻമന്ത്രി ഷിബുബേബി ജോൺ വീണ്ടും ഇറങ്ങും. സംസ്ഥാന സെക്രട്ടറി എഎ അസീസ് മത്സരിക്കാനില്ലെന്ന് അറിയച്ചതോടെ ഇരവിപുരത്ത് മുൻമന്ത്രി ബാബുദിവാകരൻ സ്ഥാനാർത്ഥിയാകും. കുന്നത്തൂരിൽ ഉല്ലാസ് കോവൂർ തന്നെയാവും മത്സരിക്കുക.
പാർട്ടിക്കുള്ള മറ്റ് രണ്ട് സീറ്റുകളായ ആറ്റിങ്ങലിലും കയ്പമംഗലത്തും ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. കയ്പമംഗലത്തിന് പകരം കുണ്ടറ ചോദിച്ചെങ്കിലും സീറ്റ് വച്ചു മാറാൻ കോൺഗ്രസ് തയ്യാറല്ല. കുന്ദംകുളം ഏറ്റെടുത്ത് പകരം സിഎംപിക്ക് നെന്മാറ കൊടുക്കാനാണ് നീക്കം. നെന്മാറയിൽ എംവിആർ കാൻസർ സെൻ്റര്‍ ചെയർമാൻ വിജയകൃഷ്ണൻ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.
മുതിർന്ന നേതാവായ സിപി ജോണിന് സുരക്ഷിതമണ്ഡലം എന്ന നിലക്ക് തിരുവമ്പാടി ലീഗ് അക്കൗണ്ടിൽ കൊടുക്കാൻ നീക്കമുണ്ടായെങ്കിലും തീരുമാനമായില്ല. തിരുവമ്പാടി സിപി ജോണിന് സുരക്ഷിത മണ്ഡലമായിരിക്കുമെന്നും ഒപ്പം ക്രൈസ്തവ സ്ഥാനാർത്ഥി അവിടെ ലീഗ് അക്കൗണ്ടിൽ മത്സരിപ്പിക്കാനായിൽ മികച്ച നീക്കമായിരിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
യുഡിഎഫ് മുന്നണിയിൽ കോണ്‍ഗ്രസിന് പ്രധാന തർക്കം ജോസഫ് പക്ഷവുമായിട്ടാണ്. 12 ചോദിച്ചെങ്കിൽ 9-ൽ ഒതുക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ജോസഫ് വിഭാഗം വഴങ്ങുന്നില്ല. മൂവാറ്റുപുഴ കോടുത്ത് ചങ്ങനാശ്ശേരി ഏറ്റെടുക്കണമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വച്ചു. അതിന് തയ്യാറാണെങ്കിലും പകരം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ കൂടി വേണമെന്നാണ് ജോസഫ് പക്ഷത്തിൻ്റെ ആവശ്യം. എൽഡിഎഫിൽ ജോസ് വിഭാഗത്തിന് കിട്ടുന്ന അത്ര തന്നെ സീറ്റുകൾ തനിക്കും വേണമെന്നാണ് ജോസഫ് പക്ഷത്തിൻ്റെ നിലപാട്.
കോണ്‍ഗ്രസ് കണ്ണുവച്ച ചങ്ങനാശ്ശേരി സീറ്റ് വിട്ടു കൊടുക്കാൻ ജോസഫ് തയ്യാറല്ല. കോണ്‍ഗ്രസിനോട് മൂവാറ്റുപുഴ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെനന്ന് ഇന്നത്തെ ചര്‍ച്ചകൾക്ക് ശേഷം മോൻസ് ജോസഫ് പറഞ്ഞു. മൂവാറ്റുപുഴ ഏറ്റെടുത്ത് ചങ്ങനാശ്ശേരി വിട്ടു കൊടുക്കാൻ ജോസഫ് പക്ഷം തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്നാണ് ജോസഫ് പക്ഷത്തിൻ്റെ ആവശ്യം. പക്ഷേ രണ്ടിൽ ഒന്നേ തരാനാവൂ എന്ന് കോണ്‍ഗ്രസ് അവരെ അറിയിച്ചിട്ടുണ്ട്. കോട്ടയത്ത് കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
പുതിയ പാര്‍ട്ടിയുമായി യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പൻ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. ഇന്ന് നടന്ന ചര്‍ച്ചയിൽ ഈ ആവശ്യത്തിൽ അദ്ദേഹം ഉറച്ചു നിന്നു. ഇക്കാര്യം അടുത്ത യുഡിഎഫ് യോഗത്തിൽ ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കൾ മാണി സി കാപ്പനെ അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളെല്ലാം ബുധനാഴ്ചത്തെ മുന്നണി യോഗത്തോടെ തീരും എന്ന പ്രതീക്ഷയിലാണ് നേതൃത്വം.
