പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളില്‍ എന്നും കരുണാകരന്‍റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും രാഹുല്‍മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശത്തില്‍ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് വീണ്ടും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളില്‍ എന്നും കരുണാകരന്‍റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടുമെന്നും രാഹുല്‍മാങ്കൂട്ടത്തില്‍.

'ഇന്ന് കേരളീയസമൂഹം പത്മജയെ വിശേഷിപ്പിക്കേണ്ടത് തന്തക്ക് പിറന്ന മകളെന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ, പത്മജ ഏത് പാര്‍ട്ടിയിലും പോകട്ടെ. പത്മജ ചെന്നാല്‍ ബിജെപിയില്‍ കൂടുക ഒരു വോട്ട് മാത്രം. അത് പത്മജയുടെ വോട്ട്. പത്മജയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എവിടെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആക്കാമായിരുന്നു. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണ്...

...പാര്‍ട്ടിയില്‍ പരിഗണന കിട്ടിയില്ല എങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ പോകാമായിരുന്നില്ലേ? അത് പോയില്ല. അപ്പോള്‍ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബിജെപിയിലേക്ക് പോകുന്നത് അതിന് തന്നെയാണ് പത്മജയും പോയത്..'- രാഹുല്‍ മാങ്കൂട്ടത്തില്‍. 

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി. എംവി ഗോവിന്ദന്‍റെ ആശങ്ക ശരിയാണെന്നും, ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക് പോയ അനുഭവമുണ്ട്, ആരെങ്കിലും ബിജെപിയിലേക്ക് പോയാൽ ആദ്യം പടക്കം വാങ്ങുന്നത് സുരേന്ദ്രൻ അല്ല ഗോവിന്ദൻ ആണെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ബിജെപി പ്രവേശം പത്മജ വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മടുത്തിട്ടാണ് താൻ കോണ്‍ഗ്രസ് വിടുന്നതെന്നും തന്നെ കോണ്‍ഗ്രസ് തന്നെയാണ് തോല്‍പിച്ചതെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ബിജെപി ആസ്ഥാനത്ത് വന്ന് അംഗത്വമെടുക്കുമെന്നാണ് സൂചന. ഇതിനിടെ ചാലക്കുടിയില്‍ പത്മജയെ മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായും പ്രചരണമുണ്ട്.

Also Read:- ചേട്ടനോട് പറയാനുള്ളത്...; കെ മുരളീധരന് പത്മജ വേണുഗോപാലിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo