തൃശ്ശൂർ: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. പ്രതികള്‍ ചാവക്കാട് ഭാഗത്തുളളവര്‍ തന്നെയെന്നും പൊലീസ് അറിയിച്ചു. 

നൗഷാദ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞദിവസം വൈകിട്ട് പുന്ന സെന്ററില്‍വച്ച് വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം, നൗഷാദിന്റെ ശരീരത്തിലേറ്റ പരുക്കുകളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി പുന്ന, ചാവക്കാട് മേഖലകളിലെ മുപ്പത്തിലേറെ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീൻ, അഷ്റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അക്രമം നടന്നയുടൻ സ്ഥലത്ത് നിന്ന് മുങ്ങിയതായും പൊലീസ് കണ്ടെത്തി.

സംഭവം നടന്ന പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്. ആക്രമണ സമയത്ത് ബൈക്ക് അപകടപ്പെട്ടതിനാൽ സംഘത്തിലെ രണ്ട് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഷാജിയാണ്. ഇതുകൂടാതെ നൗഷാദിനെതിരെ ഫേസ്ബുക്കിലൂടെ ഉയര്‍ന്ന വധഭീഷണികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികള്‍ കൈകകളില്‍ കൂര്‍ത്ത മുനയുളള കത്തി വച്ചുകെട്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. നൗഷാദിന്റെ ദേഹത്തുളള മുറിവുകളില്‍ നിന്ന് വ്യക്തമാകുന്നതും അത്തരത്തിലുള്ള ആക്രമണം നടന്നതായാണ്. 14 പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നത്.

നൗഷാദായിരുന്നു അക്രമികളുടെ ഉന്നമെന്നും നൗഷാദിനാണ് ആദ്യം വെട്ടേറ്റതെന്നും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തിലും കൈകാലുകളിലും വെട്ടിയത്. ആക്രമണത്തിന് ശേഷം പല വഴിക്കായാണ് പ്രതികൾ പിരിഞ്ഞുപോയത്. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ എട്ട് മണിക്ക് നൗഷാദിന്‍റെ വീട് സന്ദർശിക്കും.