Asianet News MalayalamAsianet News Malayalam

ആഹ്ലാദ പ്രകടനം അതിരുവിട്ടു; കുട്ടികള്‍ക്ക് നേരെ പടക്കമെറിഞ്ഞത് ചോദ്യം ചെയ്ത വീട്ടുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

വ്യാഴാഴ്ച വൈകുന്നേരം കരഘോഷത്തോടെ വീട്ടിനുമുന്നിലെത്തിയ പ്രവര്‍ത്തകര്‍ വീടിന്‍റെ മുന്നിലേക്ക് പടക്കം പൊട്ടിച്ചെറിയുകയായിരുന്നു. 

congress workers attacked family
Author
Thodupuzha, First Published May 25, 2019, 10:45 AM IST

തൊടുപുഴ: മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. രണ്ടിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കൊരണ്ടിക്കാടിലും പോതമേടിലുമാണ് യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ഡിന്‍ കൂര്യാക്കോസ് വിജയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം അതിരുവിട്ടത്. 

കൊരണ്ടിക്കാട്ടില്‍ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിതാക്കളെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കാഞ്ചന, ലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ വാഹനത്തിന്‍റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം കരഘോഷത്തോടെ വീട്ടിനുമുന്നിലെത്തിയ പ്രവര്‍ത്തകര്‍ വീടിന്‍റെ മുന്നിലേക്ക് പടക്കം പൊട്ടിച്ചെറിയുകയായിരുന്നു. ഈ സമയം മുറ്റത്ത് സുഭാഷിന്‍റെ മകന്‍ കളിക്കുന്നുണ്ടായിരുന്നു. നിലവിളിച്ച് വീട്ടില്‍ ഓടിക്കയറിയതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. പുറത്തിറങ്ങി സംഭവം ചോദ്യം ചെയ്തതോടെ ജഗന്‍, ഔസേപ്പ്, ചരണ്‍ എന്നിവര്‍ സുഭാഷിനെയും ഭാര്യ കാഞ്ചനെയും തള്ളിയിട്ടു. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറി ആക്രമിച്ചു. നിലവിളി ശബ്ദംകേട്ട് ഓടിയെത്തിയ ജേഷ്ടന്‍റെ ഭാര്യ ലക്ഷ്മിയേയും സംഘം ആക്രമിച്ചു.  

പോതമേട്ടില്‍ ആഹ്ലാദ പ്രകടനത്തിനിടെ എത്തിയ സി.പി.എം പ്രവര്‍ത്തകരെ സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ജഗദീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മനു, കാഞ്ചന, ലക്ഷ്മി. 

Follow Us:
Download App:
  • android
  • ios