Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്ഐ, ബിജെപി, ഒടുവിൽ കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസും

പഞ്ചായത്ത് അംഗത്തെ മ‍ർദ്ദിച്ചെന്നാരോപിച്ച് തിങ്കളാഴ്ച രാത്രി ഒറ്റപ്പാലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉൾപ്പടെ മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. 

congress workers protest violating covid guidelines palakkad
Author
Palakkad, First Published Jun 23, 2020, 9:35 PM IST

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത്  സിപിഎമ്മിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പഞ്ചായത്ത് അംഗത്തെ മ‍ർദ്ദിച്ചെന്നാരോപിച്ച് തിങ്കളാഴ്ച രാത്രി ഒറ്റപ്പാലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉൾപ്പടെ മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. 

ഒറ്റപ്പാലം  അമ്പലപ്പാറ പഞ്ചായത്തിലെ സിപിഎം അംഗം പുളിക്കൽ ഹൈദരാലിക്കെതിരെയാണ് കോൺ​ഗ്രസുകാർ മുദ്രാവാക്യം മുഴക്കിയത്. യുഡിഎഫ് അംഗമായ കൃഷ്ണകുമാറിനെ ഹൈദരാലി ജാതിപ്പേര് വിളിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അമ്പലപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് തിങ്കളാഴ്ച വൈകീട്ട് കൃഷ്ണകുമാറും ഹൈദരാലിയും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് മർദ്ദനമേറ്റ കൃഷ്ണകുമാറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മർദ്ദിച്ച സിപിഎം അംഗത്തിനെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു 
രാത്രി പ്രതിഷേധം നടത്തിയത്.  പ്രകടന ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തത് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡോ. സരിൻ ആണ്. അന്യായമായി സംഘംചേരൽ, സാമൂഹ്യ അകലം പാലിക്കാതിരിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 


കണ്ണൂർ കണ്ണപുരത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ കൊലവിളി മുദ്രാവാക്യവുമായി ആർഎസ്എസ് പ്രവർത്തകരെത്തിയത് നേരത്തെ വാർത്തയായിരുന്നു. സിപിഎം പ്രവർത്തകരെ വെട്ടിയരിഞ്ഞ് കാട്ടിൽ തള്ളുമെന്നും, വീട്ടിൽ കയറി വെട്ടുമെന്നും ആർഎസ്എസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് പൊലീസുകാരുടെ സാന്നിധ്യത്തിലാണ്. എന്നാൽ ഇതുവരെ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ കണ്ണപുരത്ത് സിപിഎം - ബിജെപി സംഘർഷം തുടർക്കഥയാണ്. ഒരു ബിജെപി പ്രവർത്തകന്‍റെ വീടാക്രമിച്ചു എന്ന ആരോപണത്തിൽ നിന്നാണ് തുടക്കം. തുടർന്ന് ചില ബിജെപി പ്രവർത്തകർ സിപിഎം പ്രവർത്തകരിലൊരാളുടെ ബൈക്ക് തടഞ്ഞു. അതിന് ശേഷം ഒരു ബിജെപി നേതാവിന്‍റെ ബൈക്ക് കത്തിച്ചിരുന്നു. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. 

ഇതിനെതിരെ ബിജെപി പ്രവർത്തകർ എസ്‍പിക്ക് പരാതി നൽകിയിരുന്നു. അതിന് ശേഷവും ഒരു നടപടിയുമുണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകർ കണ്ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്‍റാണ് ഈ ധർണ ഉദ്ഘാടനം ചെയ്തത്. പൊലീസിന് സിപിഎം ചായ്‍വാണെന്നും, സിപിഎം പ്രവർത്തകർ പങ്കെടുത്ത അക്രമങ്ങളിൽ കേസ് റജിസ്റ്റർ ചെയ്യുന്നില്ലെന്നുമായിരുന്നു ആരോപണം. ഇതിലുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകർ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു ധർണയിൽ പങ്കെടുത്തവർ. 

''അക്രമത്തിന് കോപ്പ് കൂട്ടും, കുട്ടിസഖാക്കളെ അടക്കീല്ലെങ്കിൽ, ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, വീട്ടിൽ കിടന്ന് ഉറങ്ങില്ല, നമ്മുടെ പ്രവർത്തകരെ തൊട്ടെന്നാൽ സിപിഎമ്മിൻ നേതാക്കളെ വീട്ടിൽ കയറി വെട്ടും ഞങ്ങൾ. ആരാ പറയുന്നെന്നറിയാലോ, ആർഎസ്എസ്സെന്ന് ഓർത്തോളൂ'', എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർ ഏറ്റുവിളിക്കുന്ന കൊലവിളി മുദ്രാവാക്യം. 

മലപ്പുറം മൂത്തേടത്ത് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലും കൊലവിളി മുദ്രാവാക്യങ്ങളുയർന്നിരുന്നു. കണ്ണൂരിൽ ഷുക്കൂറിനെ കൊന്നു തള്ളിയതുപോലെ കൊല്ലുമെന്നായിരുന്നു കൊലവിളി മുദ്രാവാക്യം. കൊലവിളി പ്രകടനത്തില്‍ അ‍ഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡിവൈഎഫ്ഐ നേതൃത്വത്തിനും പ്രകടനം വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതോടെ സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയറ്റും പ്രകടനത്തെ തള്ളിപ്പറയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios