കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനം ഇടവിട്ടുള്ള ദിവസങ്ങളിലേക്ക് മാറ്റിയതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും വി ടി ബല്‍റാമും കെഎസ് ശബരീനാഥനും രംഗത്ത്. മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് വിവാദപരമായ ചോദ്യം ഉന്നയിച്ചതും മുഖ്യമന്ത്രിയുടെ മറുപടിയുമാണ് തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കിയതെന്നാണ് ഇരുവരും സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം.

'ഇങ്ങനെയൊക്കെ ചെയ്യാവോ ?
നാളേം തമ്മില് കാണേണ്ടേ ?
ഇല്ലത്രെ .. നാളെ മുതല്‍ ഇല്ലത്രേ..' എന്നാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം. കെ.എം ഷാജിയോടൊപ്പം നില്‍ക്കുന്ന ചിത്രവും ഷാഫി പങ്കുവെച്ചു. 

'യ്യോ.. അപ്പോ നാളെ മുതല്‍ ആറുമണിത്തള്ള് ഇല്ലേ?
ഇങ്ങനൊന്നും ഒരാളോട് ചെയ്യരുത് ന്റെ ഷാജീ', എന്നായിരുന്നു തൃത്താല എംഎല്‍എ വി ടി ബല്‍റാമിന്റെ പ്രതികരണം. 

നാളെ വൈകുന്നേരം 6പിഎം മുതല്‍ കടമുടക്കം എന്നായിരുന്നു ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷട്ടര്‍ താഴ്ത്തിയ ചിത്രവുമടക്കമായിരുന്നു പോസ്റ്റ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊലപാതക കേസുകളില്‍ വാദിക്കാനായി ചെലവഴിക്കുന്നുവെന്നാണ് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്. തുടര്‍ന്ന് ഷാജിക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായ കെ എം ഷാജി വ്യാഴാഴ്ച പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിനൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചു.  ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ കണക്ക് ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്നുമായിരുന്നു ഷാജിയുടെ വാദം. അതേസമയം, കെ എം ഷാജിക്കെതിരെ സിപിഎം എംഎല്‍എ എം സ്വരാജ്, ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം എന്നിവരും രംഗത്തെത്തിയിരുന്നു.