Asianet News MalayalamAsianet News Malayalam

'ഈ സുരേന്ദ്രന് ഇതെന്ത് പറ്റി, തലച്ചോര്‍ സ്പോഞ്ചുപോലെ'; ട്രോളുമായി കോണ്‍ഗ്രസ് യുവനേതാക്കള്‍

സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ച ബിജെപി അധ്യക്ഷനെതിരെ ട്രോളുമായി കോണ്‍സ് യുവ നേതാക്കള്‍.

congress youth leaders trolled k surendran
Author
Thiruvananthapuram, First Published Apr 12, 2020, 3:45 PM IST

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവിനെയും പരിഹസിച്ച ബിജെപി അധ്യക്ഷനെതിരെ ട്രോളുമായി കോണ്‍സ് യുവ നേതാക്കള്‍. കോണ്‍ഗ്രസ് യുവ നേതാക്കാളായ പിസി വിഷ്ണുനാഥ്, ടി സിദ്ദീഖ്, ജ്യേതികുമാര്‍ ചാമക്കാല എന്നിവരാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് രംഗത്ത് വന്നത്.

കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നുംസ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടിമാത്രം രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ളവര്‍ നിര്‍ത്തണമെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രസ്താവന.

പ്രതിപക്ഷം സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നു. അല്ല എപ്പോഴാണ്. നിങ്ങള്‍ ഭരണപക്ഷമായതെന്ന് പിസി വിഷ്ണുനാഥ് സുരേന്ദ്രനെ പരിഹസിച്ചു. ഈ കെ.സുരേന്ദ്രനിതെന്തു പറ്റി.? അദ്ദേഹത്തിന്റെ തലച്ചോര്‍ സ്‌പോഞ്ചുപോലെയാണോ എന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ ചോദ്യം.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലവ്യജ്ഞന കിറ്റ് ശുദ്ധ തട്ടിപ്പാണെന്ന് പറഞ്ഞ് നാക്കെടുത്തിട്ട് ഇരുപത്തിനാല് മണിക്കൂറായില്ല; അതിന് മുമ്പ് അതേ നാവ് പറയുന്നു പിണറായി വിജയന്‍ പൊന്നാണെന്ന്- ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കാറിനെ വാഴ്ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നു.ഇത്രയും കാലം സജീവമായിരുന്ന അന്തര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുകയാണെന്നായിരുന്നു ടി സിദ്ദിഖിന്‍റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണരൂപം

പിസി വിഷ്ണുനാഥ്

പ്രതിപക്ഷം സർക്കാറിനെ അനാവശ്യമായി വിമർശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ! അല്ല ഇവർ എപ്പോഴാണ് ഭരണപക്ഷമായത് 😀

ടി സിദ്ദിഖ്

എല്ലാ ദിവസവും 6 മണിക്ക്‌ മുഖ്യമന്ത്രി പി ആർ വർക്ക്‌ നടത്തുകയാണെന്നും, കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും, 1000 രൂപയുടെ പലവ്യഞ്ജനങ്ങൾ എന്നത്‌ വെറും 750 രൂപയിൽ താഴെ ഉള്ളതാണെന്നും വിമർശിച്ച്‌ നടന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ ഒരു രാത്രി കൊണ്ട്‌ മലക്കം മറിഞ്ഞിട്ടുണ്ട്‌. സർക്കാറിനെ വാഴ്ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധർധാര ഇപ്പോൾ പരസ്യമായിരിക്കുന്നു. കേരള രാഷ്ട്രീയത്തെ കോൺഗ്രസ്‌ മുക്തമാക്കാൻ ശ്രമിക്കുന്ന പിണറായി ഫാൻസുകാർക്കൊപ്പം പരസ്യമായി നിൽക്കാൻ സമയമായി എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്‌.

സംഘ്‌പരിവാറുമായി കൈകോർത്ത്‌ ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക്‌ രക്ഷപ്പെടാനാവുക. ഇപ്പോൾ ആഭ്യന്തരം മാത്രമാണു സംഘ്‌പരിവാറിന്റെ കയ്യിൽ. കോൺഗ്രസിനെ ഇല്ലാതാക്കി രാഷ്ട്രീയ വിജയം കൂടി സ്വപ്നം കാണുന്ന ബിജെപിക്ക്‌ തങ്ങൾക്ക്‌ വേണ്ടി മറ്റൊരു ഗർഭപാത്രത്തിൽ പിറന്ന തിരുദൂതനെ വാഴ്ത്തിപ്പാടുക എന്നത്‌ അവരിൽ അർപ്പിതമായ കടമ മാത്രമാണു. തംബ്രാനു റാൻ മൂളാൻ കോൺഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത്‌ കിട്ടില്ല എന്ന് മാത്രം പറയുന്നു

.

ജ്യോതികുമാര്‍ ചാമക്കാല

പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും പിണറായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആര്‍ വര്‍ക്ക് ചെയ്യിക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്‍റെ മിടുക്ക്. സുരേന്ദ്രന്‍ ഹാന്‍സ് ഉപയോഗിക്കും എന്നെല്ലാമുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെ സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് തീര്‍ച്ച… രമേശ് ചെന്നിത്തല പിണറായി വിജയനെ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സുരേന്ദ്രന്‍ പറയുന്നത്…! രമേശ് ചെന്നിത്തല നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നത് സുരേന്ദ്രന് കൊള്ളുന്നത് മനസിലാക്കാം.. പക്ഷേ പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്...?

Follow Us:
Download App:
  • android
  • ios