Asianet News MalayalamAsianet News Malayalam

ജോസഫിനെ മെരുക്കാൻ മാണി വിഭാഗത്തിന്‍റെ ഫോര്‍മുല; കേരളാ കോൺഗ്രസിൽ ഒത്തുതീര്‍പ്പ് നീക്കം

നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താൻ സാവകാശം വേണമെന്ന ആവശ്യമാണ് കേരളാ കോൺഗ്രസ് സ്പീക്കര്‍ക്ക് മുന്നിൽ വച്ചിട്ടുള്ളത്. മുൻ വിധിയില്ലാത്ത ചർച്ചക്ക് തയ്യാറാണെന്നും പിജെ ജോസഫിന്‍റെയും സിഎഫ് തോമസിന്‍റെയും സീനിയോറിറ്റി അംഗീകരിക്കുന്ന തീരുമാനമുണ്ടാകണമെന്നും മോൻസ് ജോസഫ്  ആവശ്യപ്പെട്ടു. 

 

 

consensus formula in kerala congress
Author
Trivandrum, First Published Jun 10, 2019, 9:27 AM IST

തിരുവനന്തപുരം: നേതൃസ്ഥാനങ്ങൾ പങ്കിടുന്നതിൽ സമവായ സാധ്യതകൾ ചര്‍ച്ചക്കെടുക്കാൻ കേരളാ കോൺഗ്രസ്. സീനിയോറിറ്റി അനുസരിച്ച് പദവികൾ പങ്കിടുന്നതിന് ജോസഫ് മാണി വിഭാഗങ്ങൾ ഫോര്‍മുലയും തയ്യാറാക്കിയിട്ടുണ്ട്. പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് പിജെ ജോസഫിനെ പരിഗണിക്കാമെന്നും പാര്‍ട്ടി ചെയര്‍മാൻ സ്ഥാനം മാണി വിഭാഗത്തിന് വേണമെന്നുമാണ് ജോസ് കെ മാണിക്കൊപ്പം നിൽക്കുന്ന മാണി വിഭാഗത്തിന്‍റെ ഒത്തു തീര്‍പ്പ് ഫോര്‍മുല. നിയമസഭാ കക്ഷി നേതാവിനെ കണ്ടെത്താൻ സാവകാശം വേണമെന്ന ആവശ്യമാണ് നിലവിൽ കേരളാ കോൺഗ്രസ് സ്പീക്കര്‍ക്ക് മുന്നിൽ വച്ചിട്ടുള്ളത്. 

കെഎം മാണിയുടെ മരണത്തോടെ പാര്‍ട്ടി ചെയര്‍മാൻ ഇല്ലാതായ കേരളാ കോൺഗ്രസിൽ പിന്നെ പാര്‍ട്ടിയെ നയിക്കേണ്ടത് വൈസ് ചെയര്‍മാനായ താനാണെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. പാര്‍ലമെന്‍ററി നേതൃസ്ഥാനം പിജെ ജോസഫിന് നൽകാമെന്ന മാണി വിഭാഗത്തിന്‍റെ നിര്‍ദ്ദേശത്തോട് ജോസഫ് വിഭാഗം അനുകൂലമായാണ് പ്രതികരിക്കുന്നത്. എന്നാൽ ചെയര്‍മാൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് പാര്‍ട്ടിയിലെ സീനിയോരിറ്റി തന്നെയാകണമെന്ന അഭിപ്രായവും ഒത്തു തീര്‍പ്പ് ചര്‍ച്ചക്ക് മുൻപെ പിജെ ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്നുണ്ട്. മുൻ വിധിയില്ലാത്ത ചർച്ചക്ക് തയ്യാറാണെന്നും പിജെ ജോസഫിന്‍റെയും സിഎഫ് തോമസിന്‍റെയും സീനിയോറിറ്റി അംഗീകരിക്കുന്ന തീരുമാനമുണ്ടാകണമെന്നും മോൻസ് ജോസഫ്  ആവശ്യപ്പെട്ടു. 

അതേസമയം പറഞ്ഞു തീര്‍ക്കാവുന്നതിനപ്പുറം പ്രശ്നങ്ങളൊന്നും പാര്‍ട്ടിക്കകത്ത് നിലനിൽക്കുന്നില്ലെന്നാണ് ജോസഫ് പക്ഷ നേതാക്കളും മാണി വിഭാഗം നേതാക്കളും ഒരു പോലെ പറയുന്നത്. പുതിയ ഫോര്‍മുലയിൽ പ്രശ്നങ്ങൾ അവസാനിച്ചേക്കുമെന്ന പ്രതീക്ഷയും നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios