പുത്തുമലയിലെ ദുരിതം കേട്ട് മന്ത്രി; 'വീടില്ലാത്തവരുടെ കാര്യത്തിൽ ഉടൻ നടപടി', കളക്ടറോട് റിപ്പോർട്ട് തേടി
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ. ഉടൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വാങ്ങി തുടർനടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായി അഞ്ചു വർഷമായി വാടക വീടുകളിൽ കഴിയുകയാണ് കുടുംബങ്ങൾ.
കൽപ്പറ്റ: പുത്തുമലയിൽ ഭൂമി നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങൾ വഴിയാധാരമായെന്ന വാർത്തയിൽ ഇടപെടലുമായി റവന്യൂ മന്ത്രി കെ രാജൻ. ഇത് പ്രത്യേക കേസായി പരിഗണിച്ച് പ്രശ്നം പരിഹരിക്കുമെന്ന് കെ രാജൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ ഇടപെടൽ. ഉടൻ ജില്ലാ കളക്ടറുടെ റിപ്പോർട്ട് വാങ്ങി തുടർനടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലുണ്ടായി അഞ്ചു വർഷം കഴിഞ്ഞിട്ടും വാടക വീടുകളിൽ കഴിയുകയാണ് കുടുംബങ്ങൾ.
ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ ഏഴ് കുടുംബങ്ങളാണ് ഇപ്പോഴും ആനുകൂല്യങ്ങൾക്ക് പുറത്ത് നിൽക്കുന്നത്. വീടും കൃഷിയും നഷ്ടപ്പെട്ടവരെ മാത്രമാണ് സർക്കാർ പുനരധിവസിപ്പിച്ചത് എന്നും ഭൂമി മാത്രം നഷ്ടമായവരെ സർക്കാർ പരിഗണിച്ചില്ലെന്നുമാണ് കുടുംബങ്ങൾ പറയുന്നത്. അബ്ദുൽ അസീസ്, ഇർഫാന, റസീന, ഷെമീർ, ഹസീന ഷെഫീ, ജുബൈരിയ മൻസൂർ, അബു ത്വൽഹത്ത്, ഷെക്കീർ എന്നിവർക്കാണ് ഇപ്പോഴും വീടില്ലാത്തത്. ഇവരെല്ലാവരും ഇപ്പോഴും എസ്റ്റേറ്റ് ലയങ്ങളിലാണ് കഴിയുന്നത്. 2019 ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. അതിൽ അഞ്ചുപേരുടെ മൃതദേഹം ഇതുവരേയും കണ്ടെത്താനായിട്ടില്ല.
മൂന്നാമത്തെ വീട്ടിലേക്കാണ് ഇപ്പോൾ മാറുന്നത്. നേരത്തെ 5,000 രൂപയായിരുന്നു വാടക. എവിടെയാണോ കുറവ് വാാടകയുള്ളത് അവിടേക്ക് കുട്ടികളെ വലിച്ചു കൊണ്ടുപോകലാണ് പതിവ്. കുട്ടികളുടെ സ്കൂൾ അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സർക്കാരിൽ നിന്നും നീതി വേണം. വീടിന് വേണ്ടിയാണ് ഈ സ്ഥലം വാങ്ങിയത്. ഇപ്പോൾ താമസിക്കുന്ന വീട് ചോർന്നൊലിക്കുന്നതാണ്. അവര് പറയുന്നത് വേറെ സ്ഥലം വാങ്ങാനാണ്. മരിച്ചാൽ കൊണ്ടുവെക്കാൻ സ്ഥലം വേണ്ടേ- കുടുംബം നഷ്ടപ്പെട്ടവർ ചോദിക്കുന്നു.
ഒരാളുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോവുന്നത്. മക്കളെല്ലാം വലുതാവുകയാണ്. ഒന്നില്ലെങ്കിൽ സർക്കാർ നഷ്ടപരിഹാരമെങ്കിലും തരണം. അല്ലെങ്കിൽ സ്ഥലമെങ്കിലും കിട്ടിയാൽ മതിയായിരുന്നു.-ഒരു കുടുംബം പറയുന്നു. ഇതിനായി കുറേ നടന്നു. ഒന്നുംകിട്ടിയില്ലെന്ന് മറ്റു കുടുംബം. താലൂക്കിലും വില്ലേജിലുമായി കുറേകാലം നടന്നു. കളക്ടേറ്റിൽ സമരം ചെയ്തപ്പോൾ കേസുണ്ടായി എന്നല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്ന് വീടില്ലാത്ത മറ്റൊരു കുടുംബവും പറഞ്ഞു. ഒരുപാട് തവണ ഇതിന് വേണ്ടി നടന്നതാണ്. ഇപ്പോഴെങ്കിലും നീതി കിട്ടണം. മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ പോലും മടിയാണ്. ഈ എസ്റ്റേറ്റിൽ പണിയെടുത്താണ് അഞ്ചുസെന്റ് സ്ഥലം വാങ്ങിക്കൂട്ടിയത്. ഒരു ഇരിയ്ക്കക്കൂര കിട്ടണം. സർക്കാരതിന് മുൻ കൈ ഇനിയെങ്കിലുമെടുക്കണമെന്നും വീട് നഷ്ടപ്പെട്ടവർ പറയുന്നു. റവന്യൂമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചു തരണമെന്നായിരുന്നു അവരുടെ ആവശ്യം. വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കകം മന്ത്രി ഇടപെടുകയായിരുന്നു.
മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുസുകി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം
https://www.youtube.com/watch?v=Ko18SgceYX8