കോട്ടയത്ത്: കോട്ടയത്ത് മുടങ്ങിക്കിടന്ന ആകാശപ്പാതയുടെ നിര്‍മ്മാണം വീണ്ടും തുടങ്ങി. പദ്ധതിയില്‍ രൂപമാറ്റം വരുത്തിയത് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് നിര്‍മ്മാണം വീണ്ടും തുടങ്ങിയത്. 2016 ല്‍ തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മ്മാണം പല കാരണങ്ങളാല്‍ സ്തംഭിക്കുകയായിരുന്നു. ആകാശ നടപ്പാതയില്‍ സെമിനാറുകളും സമ്മേളനങ്ങളും നടത്താനാകും വിധം പുനക്രമീരിച്ചപ്പോഴാണ് നിര്‍മ്മാണം നിലച്ചത്.

രൂപരേഖയില്‍ മാറ്റം വരുത്തിയത് അംഗീകരിക്കാനികില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. അഞ്ചേകാല്‍ കോടിയുടെ പദ്ധതിക്ക് കരാറുകാരന് ആകെ നല്‍കിയത് 35 ലക്ഷം മാത്രം. തുണുകളുടെ നിര്‍മ്മാണം ഒഴിച്ചാല്‍ മറ്റൊരു പണിയും കാര്യമായി മുന്നോട്ട് പോയിരുന്നില്ല. രൂപമാറ്റം വരുത്തുന്നത് സംബന്ധിച്ച് നഗരസഭ നിര്‍മ്മാണ വിഭാഗം അന്തിമ അനുമതി നല്‍കിയതോടെയാണ് പദ്ധതിക്ക് ജീവൻ വച്ചത്.

ശീമാട്ടി റൗണ്ടാനയിലെ ഈ 14 തൂണുകള്‍ക്ക് മുകളില്‍ ഇനി ഇരുമ്പ് പ്ലാറ്റ്ഫോം സ്ഥാപിക്കും. പ്ലാറ്റ് ഫോമിന് 24 മീറ്ററാണ് വീതി. വീതി കൂടിയ ഭാഗത്താണ് സെമിനാര്‍ ഹാളും ചെറിയ വ്യാപാര സ്ഥാപനങ്ങളും വരിക. തിരക്കേറിയ ശീമാട്ടി റൗണ്ടാനയുടെ ചുറ്റുമുള്ള റോഡ് മുറിച്ച് കടക്കുമ്പോള്‍ കാൽന‌ട യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാനാണ് ആകാശപ്പാത നിര്‍മ്മാണം തുടങ്ങിയത്. 2016 ഫെബ്രുവരിയില്‍ തറക്കല്ലിട്ട പദ്ധതി ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.