ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിയെ വിമർശിച്ചതിൻ്റെ പേരിൽ മുൻ  കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെതിരെയുണ്ടായിരുന്ന കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. കോടതിയിൽ നേരിട്ട് ഹാജരായി ഖേദം പ്രകടിപ്പിച്ച സുധാകരൻ്റെ മാപ്പപേക്ഷ സ്വീകരിച്ചാണ് കോടതിയുടെ ഈ നടപടി.

കൊച്ചി: കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികളാണ് കേരള ഹൈക്കോടതി അവസാനിപ്പിച്ചത്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടി ആരംഭിച്ചത്. പ്രസ്താവനയ്‌ക്കെതിരെ അഭിഭാഷകനായ ജനാർദ്ദന ഷേണായിയാണ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതിയിൽ കെ. സുധാകരൻ നേരിട്ട് ഹാജരാവുകയും, തൻ്റെ ഭാഗത്തുനിന്നുണ്ടായ പരാമർശത്തിൽ മാപ്പ് അപേക്ഷിക്കുകയുമായിരുന്നു. കെ സുധാകരൻ്റെ ഖേദപ്രകടനം വിശ്വാസത്തിലെടുത്ത കോടതി ഇതോടെ കോടതിയലക്ഷ്യ നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടു.