കോടതിയലക്ഷ്യ കേസ്; വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി, 5 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
കൊല്ലം: കോടതി ഉത്തരവ് ലംഘിച്ച കേസില്‍ കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജരായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്.
എസ് എന്‍ ട്രൈനിംഗ് കോളേജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണ്‍ ആയിരുന്നു ഹര്‍ജിക്കാരന്‍. വ്യക്തമായ കാരണമില്ലാതെ പ്രവീണിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ ട്രൈബൂണലിനെ സമീപിച്ച് വിധി സമ്പാദിച്ചെങ്കിലും പ്രവീണിനെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവിൽ പറയുന്നു.