പാലക്കാട്: നെല്ലുസംഭരണത്തിന് സപ്ലൈകോയും സഹകരണ സംഘങ്ങളും തമ്മിൽ കരാർ ആയില്ല. കരാർ വ്യവസ്ഥയിൽ ഇളവ് വേണമെന്ന സഹകരണ സംഘങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇളവ് നൽകിയാൽ നാളെ മുതൽ നെല്ല് സംഭരിക്കുമെന്നും സഹകരണ സംഘങ്ങൾ പറയുന്നു. നിലവിൽ സ്വകാര്യ മില്ലുകൾക്കുളള വ്യവസ്ഥകളാണ് സഹകരണ സംഘങ്ങൾക്കും നൽകിയിരിക്കുന്നത്. 

സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു. നെല്ല് സംഭരണം അനന്തമായി നീണ്ടുപോയതിനെ തുടർന്ന് ഭക്ഷ്യമന്ത്രി പാലക്കാട്ടെത്തി സഹകരണ സംഘങ്ങളുമായി  ധാരണയിലെത്തിയിരുന്നു. ഇന്ന് കരാറൊപ്പിട്ട് നാളെ സംഭരണം തുടങ്ങുമെന്നായിരുന്നു മുൻ ധാരണ. സ്വകാര്യ മില്ലുടമകൾ വിട്ടുനിൽക്കുന്നത് കാരണം  35 സഹകരണ സംഘങ്ങളാണ് സംഭരണത്തിന് സന്നദ്ധതഅറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.