തിരുവനന്തപുരം: 2019 ൽ വിരമിച്ച സിപിഎം സഹയാത്രികന് രണ്ടാംവർഷവും കരാർ കാലാവധി നീട്ടി നൽകി സർക്കാർ. ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ നേതാവ് എൻ ജഗജീവനാണ് ഹരിതകേരള മിഷന്‍റെ കണ്‍സൾട്ടന്‍റ് കാലാവധി നീട്ടി നൽകിയത്. മാസം 55000 രൂപ ശമ്പളത്തിലാണ് മുൻ ജല വകുപ്പ് ഉദ്യോഗസ്ഥന് കണ്‍സൾട്ടന്‍റ് കാലാവധി നീട്ടിയത്.

കണ്‍സൾട്ടന്‍റ് നിയമനങ്ങളിലും കരാർ നിയമനങ്ങളും വിവാദത്തിലാകുമ്പോഴും സർക്കാരിന് കുലുക്കമില്ല. വിരമിച്ച ഇടത് നേതാക്കൾക്ക് വീണ്ടും അധിക പണം നൽകി നിലനിർത്താനാണ് ഹരിത കേരള മിഷന്‍റെയും തീരുമാനം. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ നേതാവായ എൻ ജഗജീവൻ 2019ലാണ് വിരമിക്കുന്നത്. 2017ൽ ആരോഗ്യവകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിൽ ഹരിതകേരള മിഷനിലെത്തി. 2019ൽ വിരമിച്ച ശേഷം എൻ ജഗജീവനെ ഒരുവർഷത്തെ കരാറിൽ കണ്‍സൾട്ടന്‍റാക്കി. കാലാവധി തീർന്നപ്പോൾ വീണ്ടും നീട്ടി നൽകികൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഇതിലും തീർന്നില്ല, ഇറിഗേഷൻ ഡിസൈൻ റിസേർച്ച് ബോ‍ർഡ് ഡയറക്ടർ എബ്രഹാംകോശിക്കും കണ്‍സൾട്ടന്‍റ് സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിട്ടുണ്ട്.

മാസം അൻപത്തിയയ്യിരം രൂപയാണ് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള കണ്‍സൾട്ടന്‍റ് ഫീസ്. സാധാരണ രീതിയിൽ മറ്റ് വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഉപമിഷനുകളുടെ പ്രവർത്തനം. എന്നാൽ പാർട്ടിയുടെ ഇഷ്ടക്കാരെ ഇപ്പോൾ മാറ്റേണ്ട എന്നാണ് നയം. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടർച്ച ആവശ്യമുള്ളതുകൊണ്ടാണ് കണ്‍സൾട്ടന്‍റമാർക്ക് കരാർ നീട്ടി നൽകിയതെന്നാണ് ഹരിതകേരള മിഷൻ വിശദീകരണം.