ഇളവുകൾ വിശദീകരിച്ച് സെപ്റ്റംബർ 9ന് കേന്ദ്രം പുറത്തിറക്കിയ സർക്കുലറിൽ 10 ദിവസം കൊണ്ട് വെള്ളം ചേർത്തു. ഉത്പന്നത്തിന് മേൽ പഴയ MRPയും പുതിയ MRPയും പതിക്കണമെന്ന നിബന്ധന നീക്കി.

തിരുവനന്തപുരം: ജിഎസ്‍ടി നിരക്കുകള്‍ കുറച്ചിട്ടും സാധാരണക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടാത്തതിന്‍റെ കാരണങ്ങളിലൊന്ന് കേന്ദ്രസർക്കാർ തന്നെ പുറത്തിറക്കിയ പരസ്പരവിരുദ്ധമായ രണ്ട് സർക്കുലറുകളാണ്. ഇളവുകള്‍ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ നിബന്ധനകളോടെ ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പത്ത് ദിവസങ്ങള്‍ക്കകം ഇതേ മന്ത്രാലയം തന്നെ വെളളം ചേര്‍ക്കുകയായിരുന്നു. അമിത ലാഭം തടയാന്‍ രൂപീകരിച്ച അതോറിറ്റിയുടെ പ്രവർത്തനം കൂടി പരിഷ്കരണത്തിന്‍റെ ഭാഗമായി നിർത്തലാക്കിയതോടെ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള അവസരമാണ് കന്പനികള്‍ക്കും ഡീലര്‍മാര്‍ക്കും തുറന്ന് കിട്ടിയത്. കേന്ദ്ര ഉപഭോക്ത മന്ത്രാലയം സെപ്റ്റംബർ 9ന് പുറത്തിറക്കിയ സർക്കുലർ ആയിരുന്നു ജിഎസ്ടി ഇളവുകളുടെ നേട്ടം ജനങ്ങളിൽ എത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ആദ്യം പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഒന്ന്.

നിലവിൽ ഉത്പാദിപ്പിച്ച് കഴിഞ്ഞതും വിപണിയിൽ ഉള്ളതുമായ ഉൽപ്പന്നങ്ങളിൽ ജിഎസ്ടി ഇളവുകൾ ചേർത്തുള്ള പുതിയ എംആർപി പതിക്കണമെന്ന് നിർദ്ദേശിക്കുന്ന ഈ സർക്കുലറിൽ കൃത്യമായ ചില ഉപാധികൾ കൂടി മുന്നോട്ടു വച്ചിരുന്നു. ഉൽപ്പന്നത്തിന്റെ മേൽ പഴയ എംആർപിയും പുതിയ എംആർപിയും കൃത്യമായി തന്നെ പ്രദർശിപ്പിക്കണം, നികുതി നിരക്കിന് ആനുപാതികമായി വേണം പുതിയ എംആർപി നിശ്ചയിക്കാൻ, ജിഎസ്ടി ഇളവിനെ തുടർന്ന് വിലയിൽ വരുന്ന വ്യത്യാസം വ്യക്തമാക്കി കൊണ്ട് ഉത്പാദകർ രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണം, പഴയതും പുതിയതുമായ എംആർപി പതിച്ചുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന ഡിസംബർ 31 വരെ മാത്രമേ പാടുള്ളൂ ഇതിനുശേഷം പുതിയ എംആർപി പതിച്ച ഉത്പന്നങ്ങൾ വേണം വിപണിയിലിറക്കാൻ എന്നും ഈ സർക്കുലറിൽ പറഞ്ഞിരുന്നു.

ബഹുരാഷ്ട്ര കമ്പനികളുടെ സമ്മർദ്ദത്തിന് പിന്നാലെ വെള്ളം ചേർത്ത് പുതിയ സർക്കുലർ

എന്നാൽ ബഹുരാഷ്ട്ര കമ്പനികൾ അടക്കം ഉൾപ്പെടുന്ന രാജ്യത്തെ ഉത്പാദക സമൂഹം ചെലുത്തിയ ശക്തമായ സമർദ്ദത്തെ തുടർന്ന് 10 ദിവസങ്ങൾക്കകം ഉപഭോക്ത മന്ത്രാലയം ഈ സർക്കുലർ മയപ്പെടുത്തി. സെപ്റ്റംബർ 18ന് ഇതേ മന്ത്രാലയത്തിലെ ഇതേ ഉദ്യോഗസ്ഥൻ പുറത്തിറക്കിയ സർക്കുലർ ആദ്യത്തെ സർക്കുലറിൽ വെള്ളം ചേർത്തത് ഇങ്ങനെ - ഉൽപ്പന്നത്തിന്മേൽ പഴയ എംആർപിയും പുതിയ എം ആർ പി യും പതിക്കണമെന്ന് നിർബന്ധമില്ല. ഇക്കാര്യത്തിൽ ഉൽപാദകന് സ്വമേധയാ തീരുമാനമെടുക്കാം. നിലവിൽ ഉല്പാദിപ്പിച്ച സ്റ്റോക്ക് എം ആർ പി തിരുത്തിക്കൊണ്ട് മാർച്ച് 31 വരെ ഉപയോഗിക്കുകയും ചെയ്യാം. ലീഗൽ മെട്രോളജി നിയമത്തിലെ വകുപ്പ് 18പ്രകാരം ഉൽപ്പന്നത്തിന്റെ വില നിലവാരത്തിൽ വരുന്ന മാറ്റം സംബന്ധിച്ച് രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണമെന്ന വ്യവസ്ഥയിലും ഇളവ് നൽകി. പകരം ഉത്പാദകർ മാറിയ വിലവിവരപ്പട്ടിക മൊത്ത വിതരണക്കാർക്കും ചില്ലറ വിതരണക്കാർക്കും മാത്രം നൽകിയാൽ മതിയാകും - അതായത് ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കേണ്ടതില്ല.

YouTube video player

എന്നിരുന്നാലും ഉൽപാദകർ വിതരണക്കാരെയും ഉപഭോക്താക്കളെയും ജിഎസ്ടി നിരക്കുകളിൽ വരുന്ന മാറ്റത്തെക്കുറിച്ച് ബോധവൽക്കരിക്കണം എന്ന ഒറ്റ വരി മാത്രമാണ് ഈ സർക്കുലറിൽ ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണർത്ഥം പറയുന്ന ഒരേ ഒരു കാര്യം. ജിഎസ്ടി ഇളവുകളുടെ നേട്ടം സാധാരണക്കാരിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും പരസ്യമായി പ്രഖ്യാപിക്കുമ്പോഴും ഉൽപാദകരെയും വിതരണക്കാരെയും വിശ്വാസത്തിൽ എടുത്തു മാത്രമേ നടപടി ഉണ്ടാകൂ എന്ന് ഉദ്യോഗസ്ഥർ ആദ്യം മുതലേ വ്യക്തമാക്കുകയും ചെയ്തിരുന്നു. സെൻട്രൽ ജി എസ് ടി ആൻഡ് കസ്റ്റംസ് കമ്മീഷണർ എസ് കെ റഹ്മാൻ ജിഎസ്ടി പരിഷ്കരണത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമായി പറയുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ, മലയാളം വാർത്തകൾ, Asianet News Malayalam asianet news, live updates, malayalam news, asianet news malayalam, malayalam news today