പൊലീസുകാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. പോസ്റ്റൽ ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനാരെന്ന് അറിയില്ലെന്നാണ് ചില പൊലീസുകാരുടെ മൊഴി.

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിൽ ക്രമക്കേട് നടന്നതായി സംശയിക്കുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഐജിയുടെ റിപ്പോർട്ട്. സ്വന്തം ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഓഫീസർ ആരാണെന്ന് അറിയില്ലെന്ന ചില പൊലീസുകാരുടെ മൊഴി ദുരൂഹമാണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. 

ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാലറ്റിന്‍റെ കൂടുതൽ രേഖകള്‍ പരിശോധിക്കാൻ അനുമതി തേടി ഡിജിപി തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടിനെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

പോസ്റ്റൽ ബാലറ്റ് വോട്ടിംഗിൽ ക്രമക്കേട് നടന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്‍റെ റിപ്പോർട്ട്. പൊലീസുകാരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. പോസ്റ്റൽ ബാലറ്റ് സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥനാരെന്ന് അറിയില്ലെന്നാണ് ചില പൊലീസുകാരുടെ മൊഴി. അറ്റസ്റ്റ് ചെയ്യാൻ മറ്റ് ചിലരെ ഏൽപ്പിച്ചതായും മറ്റു ചിലരുടെ മൊഴിയിൽ പറയുന്നു. 

ഒരു വിലാസത്തിലേക്ക് കൂട്ടത്തോടെ ബാലറ്റ് വരുത്തിയതിനെ കുറിച്ചുള്ള വിശദീകരണവും തൃപ്തികരമല്ല. ഈ സാഹചര്യത്തിൽ സംശയിക്കുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ സാക്ഷിപ്പെടുത്തിയ ഗസറ്റഡ് ഓഫീസർമാരുടെ വിവരങ്ങളും, ബാലറ്റ് പേപ്പറുടെ തിരികെ അയച്ച പോസ്റ്റ്ഓഫീസിനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർത്തിയാക്കാനാകൂയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 

പൊലീസ് അസോസിയേഷന്‍റെ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് ഈ ഘട്ടത്തിൽ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പരിശോധിക്കാൻ അനുവദിക്കണെന്ന് ഡിജിപി മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചുവെങ്കിലും ലഭിച്ചില്ലെന്ന് പരാതികളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.