ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാല കൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അടൂരിന്‍റെ പ്രസംഗത്തിൽ എസ്ഇ-എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ലെന്നും ഫണ്ട് നിർത്തലാക്കണമെന്നോ, ഫണ്ട് നല്‍കുന്നത് ശരിയില്ലെന്നോ അടൂര്‍ പറയുന്നില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്.
സിനിമ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ല എന്നാണ് വിശദീകരണം.ഫിലിം കോൺക്ലേവ് സമാപന ചടങ്ങിലാണ് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.
അടൂർ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് സംഘടനകൾ പരാതി നല്‍കിയിട്ടുമുണ്ട്. ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെ വനിതാ സംഘടനകളാണ് പരാതി നൽകിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം. സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്താൻ നിർദേശം നൽകണമെന്നും അടൂരിന്‍റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.

