തിരുവനന്തപുരം: സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ കേസിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മുല്ലപ്പള്ളിക്കെതിരായ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. സോളാർ പീഡനക്കേസിലെ പരാതിക്കാരിയാണ് മുല്ലപ്പള്ളിക്കെതിരെ ഡിജിപിയെ സമീപിച്ചത്. ഈ പരാതിയിലാണ് തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷൻ കേസെടുത്തത്. വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പരാതിക്കരിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്. യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് സമരത്തിനിടെയാണ് മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്.

പരാതിക്കാരി ഡിജിപിക്ക് നൽകിയ പരാതിയെ തുടര്‍ന്ന് സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം നടത്തിയതിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീവിരുദ്ധ പരാമ‌ർശത്തിന് മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിട്ടുണ്ട്. മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപെടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്. സോളാര്‍ കേസ് മുൻനിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം.

സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശങ്ങൾ നടത്തിയത്. യുഡിഎഫിന്‍റെ വഞ്ചനാ ദിനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മുല്ലപ്പള്ളിയുടെ ഊഴം. പ്രസംഗത്തിനിടെ പലതവണ സ്ത്രീ വിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുയും ചെയ്തു. പ്രസംഗിച്ച് തീരും മുൻപേ പരാമര്‍ശം വിവാദമായതോടെയാണ് മുല്ലപ്പള്ളി ഖേദ പ്രകടനം നടത്തിയിരുന്നു. പറഞ്ഞ കാര്യങ്ങൾ സ്ത്രീ വിരുദ്ധമെങ്കിൽ നിര്‍വ്യാജ്യം ഖേദമറിയിക്കുന്നു എന്ന് മുല്ലപ്പള്ളി പറഞ്ഞു.