മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്‍റെ  ദൃശ്യമാണ് പുറത്തുവന്നത്.

പാലക്കാട്: മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയെ അര്‍ധരാത്രി പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. രാഹുൽ താമസിക്കുന്ന പാലക്കാട്ടെ ഹോട്ടലിൽ പൊലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുന്നതിന്‍റെ പുതിയ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഹോട്ടലിൽ എത്തിയത്. പൊലീസ് രാഹുൽ താമസിക്കുന്ന മുറിയുടെ മുന്നിലെത്തി വാതിലിൽ മുട്ടുന്നതും രാഹുൽ വാതിൽ തുറക്കുന്നതുമടക്കം ദൃശ്യങ്ങളിലുണ്ട്. രാഹുൽ പൊലീസുമായി സംസാരിക്കുന്നതും ദൃശ്യത്തിൽ കാണാം. ഡിവൈഎസ്‍പിയാണെന്ന് പറഞ്ഞാണ് പൊലീസ് അകത്തേക്ക് കയറുന്നത്. അപ്പോള്‍ ഏതു കേസിലാണ് നടപടിയെന്നതടക്കം രാഹുൽ ചോദിക്കുന്നുണ്ട്.

പൊലീസ് സംഘം മുറിയിലേക്ക് കയറി അധികം വൈകാതെ തന്നെ രാഹുലിനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. വനിത പൊലീസുകാരടക്കം സംഘത്തിലുണ്ടായിരുന്നു. പൊലീസ് വരുന്നതടക്കം രാഹുൽ പ്രതീക്ഷിച്ചിരുന്നില്ല. അതീവരഹസ്യനീക്കത്തിലൂടെയായിരുന്നു പൊലീസ് നടപടി. എല്ലാ പഴുതും അടച്ചുകൊണ്ടുള്ള ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നത്. ഇന്നലെ അര്‍ധരാത്രി പൊലീസ് നടത്തിയ ഓപ്പറേഷന്‍റെ ദൃശ്യങ്ങളാണിത്. രഹസ്യമായി ലഭിച്ച മൂന്നാം പരാതിയിൽ ഉടൻ അറസ്റ്റ് വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ രാത്രി നൽകിയ നിര്‍ദേശമാണ് അപ്രതീക്ഷിത അറസ്റ്റിലേക്ക് നയിച്ചത്. 

പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. രണ്ട് ബലാത്സംഗ കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്ന രാഹുൽ ഒടുവിൽ അപ്രതീക്ഷിതമായിട്ടാണ് മൂന്നാം ബലാത്സംഗ പരാതിയിൽ പിടിയിലാകുന്നത്. വിദേശത്തുള്ള പരാതിക്കാരി ഇ-മെയിലിൽ ഡിജിപിക്ക് നൽകിയ പരാതിയിലാണ് എസ്ഐടി നടപടി. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വീഡിയോ കോളിലൂടെ പരാതിക്കാരിയുടെ മൊഴിയെടുത്ത എസ്ഐടി നീക്കങ്ങള്‍ രഹസ്യമാക്കിവെച്ചു. വിദേശത്തുനിന്നും പരാതിക്കാരിയെത്തിയശേഷം രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു പൊലീസിന്‍റെ ആദ്യ തീരുമാനം. എന്നാൽ, നടപടി വൈകുന്നതിലെ ആശങ്ക അറിയിച്ചുള്ള പരാതിക്കാരിയുടെ ശബ്ദസന്ദേശം കേട്ട മുഖ്യമന്ത്രി ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റിന് ഡിജിപിക്ക് നിര്‍ദേശം നൽകുകയായിരുന്നു. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെപിഎം ഹോട്ടലിൽനിന്ന് രാഹുലിനെ അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്.

തിരുവല്ലയിലെ ഹോട്ടലിലെത്തി പൊലീസ്

അതേസമയം, ബലാത്സംഗ കേസിൽ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി പൊലീസ് വിവരം ശേഖരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. ഹോട്ടൽ റിസപ്ഷനിൽ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പരിശോധിച്ചു.കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ രാഹുൽ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹര്‍ജി നൽകിയിട്ടുണ്ട്. ഹര്‍ജി നാളെ കോടതി പരിഗണിക്കും. എന്നാൽ, ജാമ്യാപേക്ഷയിൽ നാളെ പ്രതിഭാഗം വാദിക്കില്ല. എസ്ഐടിയുടെ കസ്റ്റഡി അപേക്ഷയിൽ തീരുമാനം അറിഞ്ഞശേഷം ജാമ്യാപേക്ഷയിലെ വാദവുമായി മുന്നോട്ടുപോകാനാണ് രാഹുലിന്‍റെ അഭിഭാഷകരുടെ തീരുമാനം.

YouTube video player