'വൃദ്ധനല്ലേ മരിച്ചത്? ചെറുപ്പക്കാരനല്ലല്ലോ, ബോംബ് ഇനിയും പൊട്ടാനുണ്ട്'; വിവാദ പരാമ‍ര്‍ശവുമായി കെ സുധാകരൻ

കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. 

controversial statement from k sudhakaran on eranjoli bomb blast

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരൻ വിഷയത്തിൽ പ്രതികരിച്ചത്. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു. ക്രിമിനലുകൾ എങ്ങനെ രക്തസാക്ഷികൾ ആകും? ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഉണ്ടോ? തീവ്രവാദികൾ പോലും ഇങ്ങനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ആയുധം താഴെ വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി  വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ​ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.


 

Latest Videos
Follow Us:
Download App:
  • android
  • ios