Asianet News MalayalamAsianet News Malayalam

ജി സുധാകരനെതിരായ ആരിഫിന്‍റെ പരാതിയിൽ ഉലഞ്ഞ് സിപിഎം; എംപിയുടെ നീക്കത്തിൽ നേതൃത്വത്തിന് അതൃപ്തി

ആരിഫ് തന്‍റെ പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

Controversies in CPM over arifs complaint against g sudhakaran
Author
Alappuzha, First Published Aug 15, 2021, 7:21 AM IST

ആലപ്പുഴ: ദേശീയപാത നവീകരണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജി സുധാകരനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച എ എം ആരിഫ് എംപിയെ വിവാദങ്ങൾ തിരിഞ്ഞു കൊത്തുന്നു. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിയതും പാർട്ടിയോട് ആലോചിക്കാത്തതും ആരിഫിന് തിരിച്ചടിയായി. അതേസമയം, റോഡ് പുനർനിർമ്മിച്ചതിൽ വീഴ്ചയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ന്യായീകരിക്കുമ്പോൾ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് കളം ഒരുങ്ങുമെന്നാണ് സൂചന.

പാർട്ടി അന്വേഷണത്തിൽ തന്നെ അടിമുടി പ്രതിരോധത്തിലായ ജി സുധാകരനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കാനുള്ള, എ എം ആരിഫിന്‍റെയും കൂട്ടരുടെയും നീക്കമാണ് പാളിയത്. പാർട്ടി എംപി തന്നെ പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തങ്ങളിൽ അഴിമതി ആരോപണം കൊണ്ടുവന്നത് പ്രതിപക്ഷത്തിന് വീണ് കിട്ടിയ ആയുധമായി. ആരിഫ് തന്‍റെ പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് മന്ത്രി മുഹമ്മദ് റിയാസിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇക്കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മാത്രമല്ല, ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫിന്‍റെ തന്നെ പരാതിയിൽ അരൂർ - ചേർത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. അതെല്ലാം മറച്ചുവെച്ചാണ് ആരിഫ് പുതിയ അന്വേഷണം ആവശ്യപ്പെട്ടത്.

അന്നത്തെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതും ആരിഫിന് കൂടുതൽ തിരിച്ചടിയായി. അതേസമയം, ദേശീയപാത പുനർ നിർമ്മാണത്തിൽ വീഴ്ചയില്ലെന്ന് സമർത്ഥിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തുന്നത് വിചിത്ര വാദമാണ്. ഫണ്ട് കുറഞ്ഞതിനാൽ നിർമ്മാണസാമഗ്രികൾ ഉപയോഗിക്കുന്നതിൽ കുറവ് വരുത്തി എന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. നിർമ്മാണത്തിന്‍റെ പല ഘട്ടങ്ങളിൽ വാക്കാലുള്ള നിർദ്ദേശം ഉന്നതങ്ങളിൽ നിന്ന് ലഭിച്ചതുകൊണ്ടാണ് ആ രീതിയിൽ നിർമാണം പൂർത്തിയാക്കിയത്. അങ്ങനെ പോകുന്നു വെള്ളപൂശൽ റിപ്പോർട്ട്. എന്തായാലും പൊതുമരാമത്ത് വകുപ്പിന്‍റെ നിർമ്മാണങ്ങളെ ആകെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന സാഹചര്യം വന്നതോടെ, വിജിലൻസ് അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ശുപാർശ നൽകുമെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios