ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടത് സിൻഡിക്കേറ്റ് അംഗം മുരളീധരൻ മാത്രമായിരുന്നു. എന്നാൽ നാല് സിൻഡിക്കേറ്റ് അംഗങ്ങളും സസ്പെൻഷനിലുള്ള അനിൽകുമാറും യോഗത്തിനെത്തി.
തിരുവനന്തപുരം: കേരള സർവകാലാശാലയിൽ തർക്കം രൂക്ഷമാകുന്നു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വിളിച്ച യോഗത്തിൽ വാക്കുതർക്കമുണ്ടായി. പിഎം ഉഷ പദ്ധതി നടത്തിപ്പിന്റെ ഓൺലൈൻ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും വിസിയും തമ്മിലാണ് തർക്കമുണ്ടായത്. ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടത് സിൻഡിക്കേറ്റ് അംഗം മുരളീധരൻ മാത്രമായിരുന്നു. എന്നാൽ നാല് സിൻഡിക്കേറ്റ് അംഗങ്ങളും സസ്പെൻഷനിലുള്ള അനിൽകുമാറും യോഗത്തിനെത്തി. സബ് കമ്മിറ്റിയിലില്ലാത്തവർ പുറത്ത് പോകണമെന്ന് വിസി ആവശ്യപ്പെട്ടു. തർക്കം തുറന്നതോടെ വിസി യോഗം പിരിച്ചുവിട്ടു.
അതേസമയം, സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കെതിരെ കടുത്ത നിലപാടിലേക്ക് സർക്കാർ. ഗവർണറുടെ സമമായ ചർച്ച ബഹിഷ്കരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ചർച്ചയിലൂടെ സ്ഥിരം വിസി നിയമനത്തിനായിരുന്നുഗവർണർ ചർച്ച വിളിച്ചത്. നാളത്തെ ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ, നിയമ മന്ത്രിമാർ പങ്കെടുക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ചർച്ച ബഹിഷ്കരിക്കാൻ ആലോചിക്കുകയാണ് സർക്കാർ.
ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് ഗവർണർ വീണ്ടും നിയമിച്ചത്. ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സർക്കാർ നിലപാട്. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ആർഎസ്എസ് വിധേയർ വിസിമാരാകുന്നുവെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിസി നിയനത്തെക്കുറിച്ച് പ്രതികരിച്ചത്. വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികൾ ഗവർണർ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്തു നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
