ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് കെ.ബാബു, നാണംകെട്ട സമരമെന്നും എംഎൽഎ

പാലക്കാട്: മഹിളാ കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎൽഎ, കെ.ബാബു. ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. നാണംകെട്ട സമരമാണ് കോൺഗ്രസിന്റെതെന്നും കെ.ബാബു ആരോപിച്ചു. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സിപിഎം നെന്മാറ മണ്ഡലത്തിലെ പല്ലശ്ശനയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്, എംഎൽഎ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. 

YouTube video player

എന്നാൽ താൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നും പാലക്കാൻ രീതിയിൽ പ്രതികരിച്ചതാണെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎയുടെ പരാമർശം അപലപനീയമാണെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ഇത്തരം പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഒരു എംഎൽഎ തന്നെ പൊതു ഇടത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.