Asianet News MalayalamAsianet News Malayalam

'ചില്ലു' ഭാഗ്യചിഹ്നമോ? കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗ്യചിഹ്നത്തെ ചൊല്ലി വിവാദം

അണ്ണാറക്കണ്ണനെ ഭാഗ്യചിഹ്നമാക്കിയ നടപടിക്കെതിരെ ഒരു വിഭാഗം കർഷകർ, തീരുമാനം മാറ്റില്ലെന്ന് കൃഷി വകുപ്പ്

Controversy over Chillu Squirrel the mascot of Njangalum Krishiyiekku
Author
Thiruvananthapuram, First Published May 21, 2022, 2:25 PM IST

തിരുവനന്തപുരം: 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗ്യ ചിഹ്നമായി കൃഷി വകുപ്പ് അവതരിപ്പിച്ച 'ചില്ലു' എന്ന അണ്ണാറക്കണ്ണനെ ചൊല്ലി വിവാദം. വിള നശിപ്പിക്കുന്ന അണ്ണാനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്ത തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് പരാതി പ്രളയമാണ് കൃഷി വകുപ്പിലേക്ക്. കാര്‍ഷിക വിളകളുടെ പ്രധാന വില്ലൻ അണ്ണാറക്കണ്ണനാണെന്ന് പറഞ്ഞ് ഒട്ടേറെ പരാതികളാണ് ദിനംപ്രതി കൃഷി വകുപ്പിലേക്ക് എത്തുന്നത്. കൊക്കോ, പപ്പായ, ജാതിക്ക, റംബൂട്ടാൻ തുടങ്ങി തെങ്ങുൾപ്പെടെയുള്ള വിളകൾ നശിപ്പിക്കുന്ന അണ്ണാറക്കണ്ണൻ എങ്ങനെ ഭാഗ്യചിഹ്നമാകുമെന്നാണ് പരാതിക്കാരുടെ ചോദ്യം.  

എന്നാൽ കുടുംബങ്ങളെയും കുട്ടികളേയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. ഭാഗ്യ ചിഹ്നത്തിന്റെ തെരഞ്ഞെടുപ്പിൽ ഒരു പിഴവുമില്ലെന്നും കൃഷി വകുപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഭാഗ്യ ചിഹ്നം മാറ്റണ്ടതില്ലെന്ന നിലപാടിലാണ് കൃഷി വകുപ്പ് തലപ്പത്തുള്ളവർ. ദീപക് മൗത്തട്ടിൽ രൂപകല്പന ചെയ്ത ഭാഗ്യചിഹ്നം ആനിമേഷൻ കൂടി നൽകി കൂടുതൽ ആകർഷണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. 

പരിമിതമായ സ്ഥലത്താണെങ്കിലും കൂടുതൽ കൃഷി എന്നതാണ് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയിലൂടെ കൃഷി വകുപ്പ് ഉന്നംവയ്ക്കുന്നത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത, വിഷരഹിത ഭക്ഷണം എന്നീ ലക്ഷ്യങ്ങളും പദ്ധതിക്ക് പിന്നിലുണ്ട്. ഒരു സെന്റിലോ, മട്ടുപ്പാവിലോ വീട്ടുവളപ്പിലോ എവിടെയായാലും കൃഷി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് ചിലരുടെ എതിർപ്പിലൂടെ വിവാദത്തിലായിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഓൺലൈനായി നിർവഹിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios