Asianet News MalayalamAsianet News Malayalam

രാഹുല്‍ പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കി; വിവാദം

കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള രാഷ്ട്രീയ പക പോക്കലിൻ്റെ ഭാഗമായാണ് മാറ്റി നിർത്തിയതെന്ന് കെ ബി നസീമ ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു.

controversy over denying district panchayath president entry in covid assessment meeting
Author
Wayanad, First Published Oct 20, 2020, 1:38 PM IST

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കിയത് വിവാദത്തിൽ. കൽപ്പറ്റ എംഎൽഎ  സി കെ ശശീന്ദ്രൻ്റെ നിർദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഒഴിവാക്കിയതെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. 

രാഹുൽ ഗാന്ധി പങ്കെടുത്ത കലക്ടറേറ്റില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ അതോറിറ്റി ഉപാദ്ധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാൻ കലക്ടർ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി നസീമ എത്തിയപ്പോഴാണ്  ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്താൽ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം ഉണ്ടെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചത്. 

കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലുള്ള രാഷ്ട്രീയ പക പോക്കലിൻ്റെ ഭാഗമായാണ് മാറ്റി നിർത്തിയതെന്ന് കെ ബി നസീമ ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. നേരത്തെ കൽപ്പറ്റയിൽ കേന്ദ്ര സഹായത്തോടെ നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഓൺലൈൻ ഉദ്ഘാടനത്തിന് കലക്ടർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

മലപ്പുറം ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ  ജനപ്രതിനിധികൾക്ക് പ്രവേശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം ആഘോഷമാക്കേണ്ടതില്ലെന്ന്  സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്  കഴിഞ്ഞ ദിവസം പ്രസ്താവനയും ഇറക്കിയതോടെ സന്ദർശനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുകയാണ്.

Follow Us:
Download App:
  • android
  • ios