യുഎസ് പ്രതിരോധ ബജറ്റ് ചർച്ചയ്ക്കിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ് ചോദ്യം ഉന്നയിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമായി രൂക്ഷമായ വാക്പോരിന് കാരണമായി.  

വാഷിംഗ്ടൺ ഡി.സി: യുഎസ് പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ വാദം കേൾക്കലിനിടെ നാടകീയത. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച് ഡെമോക്രാറ്റ് പ്രതിനിധി സാറ ജേക്കബ് ഉന്നയിച്ച ചോദ്യങ്ങളാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ പ്രകോപിപ്പിച്ചത്. ഇറാൻ യുദ്ധവും ട്രംപിന്റെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയായ സഭയിൽ പീറ്റ് ഹെഗ്സെത്ത് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രവർത്തിക്കാൻ ട്രംപ് മാനസികമായി പ്രാപ്തനാണോ എന്ന് സാറ ജേക്കബ് ചോദിച്ചു. ഇതിനെ ശക്തമായി എതിർത്ത ഹെഗ്സെത്ത്, കഴിഞ്ഞ നാല് വർഷം ജോ ബൈഡനെക്കുറിച്ച് ഇതേ ചോദ്യം ഉന്നയിച്ചിരുന്നോ എന്ന് തിരിച്ചടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ട്രംപ് തലമുറകൾ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിശാലിയായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ക്രിസ്തുവിനോട് ഉപമിച്ചും രോഗികളെ സുഖപ്പെടുത്തുന്ന ഡോക്ടറായി ചിത്രീകരിച്ചുമുള്ള ട്രംപിന്റെ പോസ്റ്റുകളെ സാറ ജേക്കബ് സഭയിൽ ചോദ്യം ചെയ്തു. സൈനികർ യുദ്ധക്കളത്തിൽ ജീവൻ പണയപ്പെടുത്തുമ്പോൾ കമാൻഡർ ഇൻ ചീഫ് ഇത്തരം അസംബന്ധങ്ങൾ പങ്കുവെക്കുന്നത് എങ്ങനെ വിശദീകരിക്കുമെന്ന് അവർ ചോദിച്ചു. എന്നാൽ പോസ്റ്റുകളെ ന്യായീകരിക്കാനില്ലെന്നും ട്രംപ് സൈനികർക്ക് മുൻഗണന നൽകുന്ന നേതാവാണെന്നും ഹെഗ്സെത്ത് മറുപടി നൽകി.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ യുദ്ധം 60-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ 13 യുഎസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഇന്ധനവില വർദ്ധനവ് ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതായും സഭയിൽ പരാമർശമുയർന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം പ്രതിസന്ധി രൂക്ഷമാക്കുന്നതായും വിലയിരുത്തപ്പെട്ടു. 2027 സാമ്പത്തിക വർഷത്തേക്കായി 1.5 ട്രില്യൺ ഡോളറിന്റെ വൻ പ്രതിരോധ ബജറ്റാണ് ഭരണകൂടം സഭയിൽ സമർപ്പിച്ചത്. ഹിയറിംഗിനായി എത്തിയ പീറ്റ് ഹെഗ്സെത്തിനെതിരെ സഭയ്ക്ക് പുറത്ത് കടുത്ത പ്രതിഷേധം അരങ്ങേറി. ഹെഗ്സെത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ അദ്ദേഹത്തെ നേരിട്ടു. ഹിയറിംഗിന് മണിക്കൂറുകൾക്ക് മുൻപ് ട്രംപ് വീണ്ടും തോക്കേന്തി നിൽക്കുന്ന തന്റെ തന്നെ ഒരു എഐ ചിത്രം ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചതും സഭയിൽ ചർച്ചയായി.