തിരുവനന്തപുരം: സ്വർണക്കടത്തിനും ലൈഫ് മിഷൻ ആരോപണത്തിനും പിന്നാലെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ അദാനിയുടെ ബന്ധമുള്ള കമ്പനിയിൽ നിന്ന് സഹായം തേടിയ സംഭവത്തിലും സർക്കാർ വെട്ടിൽ. കൃത്യമായി വിശദീകരണം നൽകിയില്ലെങ്കിൽ നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ വിമാനത്താവളപ്രശ്നത്തിൽ സംയുക്തപ്രമേയം വേണ്ടെന്ന ചർച്ചകൾ യുഡിഎഫിൽ തുടങ്ങി. ഇതോടെ, ധനബിൽ പാസാക്കാനുള്ള ഒരു ദിവസത്തെ നിയമസഭാ സമ്മേളനം അപൂർവ്വമായ നടപടികൾക്ക് വേദിയാകുമെന്നുറപ്പായി

സ്വർണക്കടത്തും ലൈഫ് മിഷൻ തട്ടിപ്പും മുറുകുമ്പോഴാണ് പ്രതിപക്ഷത്തിന് പുതിയ ആയുധമായി തിരുവനന്തപുരം വിമാനത്താവളം കിട്ടുന്നത്. സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം തന്നെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൊടുത്തതിൽ സർക്കാറുമായി കൈകോർത്ത് പ്രമേയം പാസ്സാക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറിൽ സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ സംയുക്ത നീക്കം ഉപേക്ഷിക്കണമെന്ന് യുഡിഎഫിൽ ആവശ്യമുയർന്ന് കഴിഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫ് ഇന്ന് നിലപാട് വ്യക്തമാക്കും.

ഇതിനിടെ കേരളാ കോൺഗ്രസിലെ തർക്കം സഭ സമ്മേളനത്തോടെ നിയമപോരാട്ടത്തിലേക്ക് പോകും. ഇരുവിഭാഗവും നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണ്. മുന്നണിയുടെ ഭാഗമായി കണ്ട് ജോസ് പക്ഷത്തെ രണ്ട് എംഎൽഎമാർക്കും യുഡിഎഫ് വിപ്പ് നൽകിട്ടുണ്ട്. അവിശ്വാസപ്രമേയത്തെ പിന്തുണക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യാനുമാണ് വിപ്പ്. ഇത് വിപ്പ് മോൻസ് ജോസഫും നൽകി. ജോസ് പക്ഷത്തെ റോഷി അഗസ്റ്റിൻ ജോസഫ് പക്ഷത്തെ മൂന്ന് എംഎൽഎമാർക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ വിപ്പ് നൽകിയിട്ടുണ്ട്. ഇരുപക്ഷത്തിന്‍റെയും പരാതി സ്പീക്കറുടെ മുന്നിലെത്തും.