തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ ഭയക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. 
 
ആരോഗ്യമന്ത്രിയുടെ വാക്കുകള്‍... 

വല്ലാതെ ഭയക്കേണ്ട സാഹചര്യം ഇവിടെ ഇല്ല. നമ്മളില്‍ പലര്‍ക്കും പലതരം വൈറല്‍ ഫീവറുകള്‍ വരാറുണ്ട്. അത്തരം അസുഖങ്ങള്‍ വന്നാല്‍ വേണ്ട മുന്‍കരുതലെടുത്തും മറ്റുള്ളവരുമായി ഇടപെടാതെ വീടുകളില്‍ വിശ്രമിച്ചും രോഗം മാറ്റുകയാണ് പതിവ്.  കൊറോണ വൈറസിന്‍റെ കാര്യത്തില്‍ അതൊരു പുതിയതരം വൈറസാണ്. മറ്റൊരു കാര്യം നിപ വൈറസിനെ അപേക്ഷിച്ച് വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ മുതല്‍ രോഗം മറ്റുള്ളവരിലേക്കും പടരും എന്നതാണ്. വൈറസ് ശരീരത്തില്‍ എത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ രണ്ട് മുതല്‍ 14 ദിവസം വരെ വേണ്ടി വരും മുന്‍കരുതലെന്ന നിലയിലാണ് നമ്മള്‍ 28 ദിവസം കരുതല്‍ വേണം എന്നു പറയുന്നത്. 

ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആണ് ഇക്കുറി കൊറോണ വൈറസ് പ്രധാനമമായും പടര്‍ന്നത്. വുഹാനില്‍ നിന്നും വന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നും വൈറസ് ബാധ സ്ഥിരീകരിച്ച ശ്രീലങ്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വമേധയാ വിവരം അറിയിക്കണം എന്ന് ആരോഗ്യവകുപ്പ് നിരന്തരം ആവശ്യപ്പെടുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ ഒറ്റപ്പെടുത്തുകയോ അവഗണിക്കുകയോ ചെയ്യേണ്ട യാതൊരു കാര്യവുമില്ല. അവര്‍ നിരീക്ഷണ കാലയളവായ 28 ദിവസങ്ങള്‍ സ്വന്തം വീട്ടില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി കഴിയുകയാണ് വേണ്ടത്. 

അലോപ്പതി, ഹോമിയോ, ആയൂര്‍വേദ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ഒരുമിച്ചിരുന്നാണ് കൊറോണ വൈറസിനെതിരെയുള്ള ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ എന്തെങ്കിലും ആയൂര്‍വേദ-ഹോമിയോ മരുന്ന് കഴിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കത് തുടരാം. അതല്ലാതെ നിലവില്‍ വൈറസിനെ പ്രതിരോധിക്കാന്‍ ഉതകുന്ന രീതിയിലുള്ള മരുന്നുള്‍ ആയൂര്‍വേദത്തിലോ യുനാനിയിലോ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഒരു പ്രേക്ഷകന്‍റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ഒരോ ഘട്ടത്തിലും ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും എങ്ങനെ നടത്തണം. എങ്ങനെയൊക്കെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പരിശീലനം നല്‍കണം എന്നീ കാര്യങ്ങളിലെല്ലാം വ്യക്തമായ രൂപരേഖ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജന്‍ ഗോബ്രഗഡെയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയിട്ടുണ്ട്.