തൃശ്ശൂർ: ലോകമാകെ വൻ ഭീതി പടർത്തിയ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശ്വാസ വാർത്തകൾ. കേരളത്തിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശ്ശൂരിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്‌ചാർജ് ചെയ്തു. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം പത്തായി കുറഞ്ഞു.

ഇന്ന് രണ്ട് പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് ഏഴ് പേരെയുമാണ് ഡിസ്ചാർജ് ചെയ്തത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 253 ആണ്. ഇന്ന് ഒരു സാംപിളാണ് പരിശോധനയ്ക്കയച്ചത്. 76 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്കയച്ചതിൽ 70 സാംപിളുകളുടെ ഫലമാണ് ലഭിച്ചത്. ഇതിൽ ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടേത് ഒഴികെ മറ്റെല്ലാ ഫലവും നെഗറ്റീവാണ്. 

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണ്. രോഗം ജില്ലയിൽ നിയന്ത്രണ വിധേയമായി തുടരുകയാണെങ്കിലും മുൻകരുതൽ എന്ന നിലയിൽ സർക്കാർ സ്വകാര്യ ആശുപത്രികളിലായി 191 ഐസൊലേഷൻ മുറികൾ ജില്ലയിൽ സജ്ജീകരിച്ചിട്ടുണ്ട്.

അതേസമയം ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ നില തൃപ്തികരമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഇന്ന് നാല് പേരെ ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു. പുതുതായി പ്രവേശിപ്പിച്ച ഒരാളടക്കം നാല് പേർ ആശുപത്രിയിലും 209 പേർ വീട്ടിലും നിരീക്ഷണത്തിലുണ്ട്.