മലപ്പുറം: കൊറോണ വൈറസ് മുൻകരുതൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേക ഗൂഗിൾ ഡ്രൈവ് ആപ്പ് അവതരിപ്പിച്ചു. സംസ്ഥാനത്താദ്യമായി മലപ്പുറം ജില്ലയിലാണ് പ്രത്യേക സംവിധാനം പ്രാവർത്തികമാക്കിയത്. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരുടേയും അവരുമായി സമ്പർക്കം പുലർത്തുന്നവരുടേയും വിവരങ്ങൾ ക്രോഡീകരിക്കാനും തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിനും മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരാണ് ഗൂഗിൾ ആപ്പ് തയ്യാറാക്കിയത്.

പൊതുജനങ്ങൾക്കു നേരിട്ട് വിവരങ്ങൾ നൽകാൻ കഴിയുന്നവിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. ആപ്പ് വഴി രോഗ ലക്ഷണങ്ങളേക്കുറിച്ചും വൈറസ് ബാധിത പ്രദശങ്ങളിൽനിന്നു തിരിച്ചെത്തിയവരുമായി സമ്പർക്കം പുലർത്തുന്നവരുടെ വിവരങ്ങളും കൺട്രോൾ സെല്ലിനു ലഭിക്കും. രോഗ ലക്ഷണങ്ങളുള്ള ആർക്കും ആപ്പു വഴി വിവരങ്ങൾ പങ്കുവയ്ക്കാം. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തിലുള്ള കൊറോണ പ്രതിരോധ മുഖ്യ സമിതിക്കു കീഴിൽ പ്രത്യേക ചുമതലയുള്ള 63 ഉദ്യോഗസ്ഥരടക്കം 511 പേരടങ്ങുന്ന സംഘമാണ് മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

412 പേരാണ് ജില്ലയിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതിൽ 19 പേർ ആശുപത്രികളിലും 353 പേർ വീടുകളിലുമാണ്. വീടുകളിൽ 28 ദിവസത്തെ കാലയളവു പൂർത്തിയാക്കിയ 15 പേരെ വെള്ളിയാഴ്ച നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. ഇതോടെ രോഗ ലക്ഷണങ്ങളില്ലാതെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 42 ആയി. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച 13 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. രണ്ടു ഘട്ട പരിശോധനകൾക്കായി അയച്ച 22 സാമ്പിളുകളിൽ 11 എണ്ണത്തിന്റെ ഫലം ലഭ്യമായതിൽ രോഗബാധയില്ലെന്നു പൂർണ്ണമായി സ്ഥിരീകരിച്ചു.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കു പുറമെ ആവശ്യമെങ്കിൽ ജില്ലാ, താലൂക്ക് ആശുപത്രികളിലും രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സിക്കാൻ സൗകര്യങ്ങളൊരുക്കും. നിരീക്ഷണത്തിലുള്ളവരുടെ മാനസിക സമ്മർദ്ദം കുറക്കാനുള്ള കൗൺസലിങ് പുരോഗമിക്കുകയാണ്. കൺട്രോൾ സെൽവഴി ജില്ലയിലെ 27 പ്രധാന സ്ഥാപനങ്ങളുമായി വീഡിയോ കോൺഫറൻസും നടത്തുന്നുണ്ട്. മുഴുവൻ ദിവസങ്ങളിലും രണ്ടു തവണ നടത്തുന്ന വീഡിയോ കോൺഫറൻസിലൂടെ മുൻകരുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജാഗ്രതാ സംഘത്തിലുള്ളവരുടെ സംശയദൂരീകരണവുമാണ് ലക്ഷ്യം.

ജില്ലയിലെ മുഴുവൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും ആയുർവേദ മെഡിക്കൽ ഓഫീസർമാർക്കും കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർക്കും കൊറോണ ജാഗ്രതയുടെ ഭാഗമായി ബോധവത്ക്കരണ പരിശീലനം സംഘടിപ്പിച്ചു. കൃഷി വകുപ്പുദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സകീന, ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ആയൂർവേദ മെഡിക്കൽ ഓഫീസർമാർക്കുള്ള പരിശീലനത്തിന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, കരിപ്പൂരിൽ നടന്ന ടാക്സി ഡ്രൈവർമാർക്കുള്ള പരിശീലനത്തിന് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.രാജേഷ് എന്നിവർ നേതൃത്വം നൽകി.

ജില്ലയിലെ മുൻകരുതൽ പ്രവർത്തനങ്ങൾ കൊറോണ പ്രതിരോധ മുഖ്യ സമിതി ജില്ലാ കലക്ടർ ജാഫർ മലിക്കിന്റെ അധ്യക്ഷതയിൽ വിലയിരുത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സകീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ മുഹമ്മദ് ഇസ്മയിൽ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻ.എച്ച്.എം പ്രോഗ്രാം മൊനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഐ.ആർ പ്രസാദ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ രാജു പ്രഹ്ളാദ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.