ആലപ്പുഴ: ആലപ്പുഴയിൽ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ ബാധിതരുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ട‍ര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. ഒരു ദിവസം 200 രക്തസാമ്പിളുകള്‍ പരിശോധിക്കാനാവും. വേഗത്തിൽ രോഗബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിക്കും. ഏഴ് മണിക്കൂറിൽ ഫലം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഇ ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ മുകൾ ഭാഗത്തായാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവ‍ര്‍ത്തിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതേയുള്ളൂ. ഇതുവരെ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് കേരളത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പൂര്‍ണ സജ്ജമായിരുന്നെങ്കിലും പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആലപ്പുഴയിൽ പരിശോധന നടത്താനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊറോണബാധ സംബന്ധിച്ച രക്തസാമ്പിളുകൾ പരിശോധിക്കാൻ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ തന്നെ സമീപിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ഇവിടെ പരിശോധന നടത്തുന്നതിനുള്ള അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ ഇന്ന് മുതൽ രക്തസാമ്പിളുകൾ സ്വീകരിച്ച് തുടങ്ങിയത്. സംസ്ഥാനത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാനും ആപത്തിലേക്ക് പോകാതിരിക്കാനുമാണ് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കുന്നത്. അത് എല്ലാവരും മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലം നീണ്ടകര താലൂക്കാശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 1797 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടിലും സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്ന് വന്നവരെ ശത്രുതയോടെ കാണരുതെന്നും മന്ത്രി സൂചിപ്പിച്ചു.