തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ സ്ഥിരീകരണം നടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിന് ഉള്ളത്. 

ആരോഗ്യ സെക്രട്ടറി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ സംഘം സ്ഥിതി വിലയിരുത്തും. ചൈനയിൽ നിന്ന് തിരിച്ചെത്തിയ എല്ലാവരേയും നിരീക്ഷിക്കാൻ നേരത്തെ തന്നെ സംവിധാനം ഒരുക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ ആളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന ആത്മവിശ്വാസം. 

"

രണ്ടാമത്തെ കേസിലും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട് . രോഗിയുമായി അടുത്തിടപഴകിയ എല്ലാവരെയും നിരീക്ഷിക്കാനും ആവശ്യമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാനും എല്ലാം ഉള്ള നടപടികൾ സംസ്ഥാന ആരോഗ്യ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രികൾ അടക്കം പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ഐസൊലേഷൻ വാര്‍ഡുകൾ  സജ്ജമാക്കാൻ നടപടി എടുത്തിട്ടുമുണ്ട്. 

"

പത്തരയ്ക്ക് ആരോഗ്യമന്ത്രി കെകെ ശൈലജ മാധ്യമങ്ങളെ കാണും. ആരാണ് എവിടെയാണ് ചികിത്സയിലുള്ളത് എന്നതിനെ കുറിച്ച് വിവരങ്ങളൊന്നും ഇത് വരെ പുറത്ത് വിട്ടിട്ടില്ല.