തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുമ്പോൾ സ്ഥിതി നിയന്ത്രണവിധേയമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഇന്ന് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും ആരോഗ്യം വീണ്ടെടുക്കുകയാണ്. സംസ്ഥാനത്ത് 2826 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.

2743 പേർ വീടുകളിലും 83 പേർ ആശുപത്രികളിലുമായിട്ടാണ് നിരീക്ഷണത്തിൽ തുടരുന്നത്. പരിശോധനയ്ക്ക് അയച്ച 263 സാമ്പിളുകളിൽ 34 എണ്ണത്തിന്‍റെ ഫലമാണ് ഇനി കിട്ടാനുളളത്. 229 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. 

നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും രക്തത്തിൽ വൈറസിന്‍റെ സാന്നിധ്യമുണ്ട്. ഒന്നിടവിട്ടുളള ദിവസങ്ങളിലാണ് രക്തപരിശോധന നടത്തുന്നത്. തുടർച്ചയായ രണ്ട് പരിശോധനാഫലം നെഗറ്റീവ് ആയാലേ വൈറസ് ബാധയിൽ നിന്ന് മുക്തരായി എന്ന് പറയാനാകൂ. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയാൽ രോഗബാധിതരായിരുന്നവർക്ക് ആളുകളുമായി ഇഴപഴകുന്നതിനോ സാധാരണജീവിതം നയിക്കുന്നതിനോ തടസ്സമില്ല. 

കൊറോണ സംശയിച്ച് കാസർകോട് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. തൃശ്ശൂരിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 10 പേരെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.

ഇതിനിടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായാണ് മാർഗ്ഗനിർദ്ദേശങ്ങൾ. ഇങ്ങനെയുളളവർ പുറത്ത് പോകുന്നത് ഒഴിവാക്കണം. 

ടൂറിസം വകുപ്പും ജില്ലാഭരണകൂടവുമായി ചേർന്ന് വിദേശ വിനോദസഞ്ചാരികളുടെ കണക്കെടുക്കുന്നുണ്ട്. ചൈന, സിംഗപ്പൂർ, ഹോങ്കോങ്ങ് , തായ്‍ലൻഡ് എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാരികളെ താമസിക്കുന്ന ഹോട്ടലുകളിലും റിസോർട്ടുകളിലും നിരീക്ഷണത്തിൽ വയ്ക്കാനാണ് നിർദ്ദേശം. എറണാകുളത്തും തിരുവനന്തപുരത്തും നിലവിൽ ഓരോ വിദേശികളാണ് നിരീക്ഷണത്തിലുളളത്.  

സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുളള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി യൂണിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മറ്റ് ഇതര വകുപ്പ് ജീവനക്കാര്‍ക്കും വേണ്ട പത്തോളം പരിശീലന സഹായികള്‍ വിഡിയോ രൂപത്തില്‍ തയ്യാറാക്കി 'കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ ട്രെയിനിംഗ്' എന്ന ആരോഗ്യവകുപ്പിന്‍റെ യുട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (https://www.youtube.com/c/keralahealthonlinteraining). നാളിതു വരെ 20 വിഡിയോ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കും ഇത് കാണാവുന്നതാണ്.