തിരുവനന്തപുരം: തൃശ്ശൂരിൽ ആദ്യം രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ സാമ്പിളുകൾ ഇന്ന് അയച്ചതും പോസിറ്റീവാണെന്ന് പരിശോധനാഫലം പുറത്തുവന്നു. ഇവരുടെ ചികിത്സ തുടരും. ഓരോ ദിവസം ഇടവിട്ട് സാമ്പിളുകൾ അയച്ചുകൊണ്ടേയിരിക്കും. നെഗറ്റീവ് എന്ന ഫലം വരുന്നത് വരെ സാമ്പിളുകൾ അയക്കുമെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അതേസമയം, വ്യാജവാർത്ത പ്രചരിപ്പിച്ചതിന്‍റെ പേരിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തതായി തൃശ്ശൂർ പൊലീസ് അറിയിച്ചു. 

അതിർത്തികളിൽ പരിശോധന

അതിനിടെ, ജാഗ്രതയുടെ ഭാഗമായി വയനാട്ടിലും ജില്ലയ്ക്ക് പുറത്ത് നിന്ന് അകത്തേക്കുമുള്ള പഠനയാത്രകൾ നിരോധിച്ചു. അതിർത്തികളിൽ മലയാളികൾക്ക് പരിശോധനയും നടക്കുന്നതായാണ് സൂചന. കേരളത്തിൽ നിന്നും വരുന്നവരെ കർണാടക ആരോഗ്യവകുപ്പ് പരിശോധിച്ചു തുടങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞു ചാമരാജ് നഗർ ആരോഗ്യവകുപ്പ് ചെക്പോസ്റ്റിന് സമീപം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. ആശുപത്രികളിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് പ്രത്യേക വാർഡ് ക്രമീകരിച്ചതായും സൂചനയുണ്ട്. 

ജില്ലാതലത്തിൽ കൊറോണവൈറസ് ബാധയും ലക്ഷണവും മൂലം ചികിത്സയിലുള്ളവരുടെ വിവരങ്ങൾ (03-02-20 വൈകിട്ട് ആറ് മണി വരെ) ഇങ്ങനെയാണ്:

തൃശ്ശൂർ

തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽത്തന്നെയാണ് രോഗബാധിതയായ വിദ്യാർത്ഥിനി ചികിത്സയിൽ തുടരുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് ഒരുമിച്ച് തിരികെയെത്തിയ മൂന്ന് വിദ്യാർത്ഥികളാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച് ഇപ്പോൾ തൃശ്ശൂരിലെയും, ആലപ്പുഴയിലെയും മെഡിക്കൽ കോളേജുകളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലുള്ളത്. 

തൃശ്ശൂരിൽ 166 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 24 പേർ ആശുപത്രിയിലുണ്ട്. പൂനെയിൽ നിന്ന് അഞ്ചും ആലപ്പുഴയിൽ നിന്ന് മുപ്പത്തിയഞ്ചും സാമ്പിൾ ഫലം വരാനുണ്ട്. അത് കിട്ടിയ ശേഷം തുടർചികിത്സ തീരുമാനിക്കും.

ആലപ്പുഴ

രണ്ടാമത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ജില്ലാ കളക്ടർ എം അഞ്ജന അറിയിച്ചു. 150 പേർ ജില്ലയിൽ നിരീക്ഷണത്തിലാണ്. ആലപ്പുഴ ലാബിൽ 10 സാമ്പിളുകൾ സ്വീകരിച്ചു. ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കും. രോഗലക്ഷണങ്ങളുമായി 12 പേർ ആശുപത്രിയിലുണ്ട്. ആലപ്പുഴയിൽ നിന്നുള്ള സാമ്പിളുകൾ പൂനെയിൽ പരിശോധന നടത്തിയതിൽ പോസിറ്റീവ് ആയ ഫലം ഒന്നും കിട്ടിയിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കാസർകോട്

കാസർകോട് കാഞ്ഞങ്ങാട്ടുള്ള ജില്ലാ ആശുപത്രിയിലാണ് മൂന്നാമത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ പ്രതിരോധപ്രവർത്തനങ്ങളും ജാഗ്രതാ പ്രവർത്തനങ്ങളും ഊർജിതമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരത്തേ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥികൾക്കൊപ്പം നാട്ടിലെത്തിയ വിദ്യാർത്ഥിക്ക് തന്നെയാണ് ഇപ്പോഴും കൊറോണ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ തന്നെ ക്വാറന്‍റൈൻ ചെയ്തതാണ് ഈ വിദ്യാർത്ഥിയെ. ഐസൊലേഷൻ വാർഡിലാണ് ഈ വിദ്യാർത്ഥി കഴിയുന്നതെന്നും ജില്ലാ അധികൃതർ വ്യക്തമാക്കുന്നു. 

വയനാട്

വയനാട് ജില്ലയിൽ 42 പേർ നിരീക്ഷണത്തിലാണ്. റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് കർശന മാർഗ നിർദ്ദേശങ്ങൾ നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ടൂറിസ്റ്റുകളെ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം ആരോഗ്യ വകുപ്പിനെ അറിയിക്കണം. വിദേശ രാജ്യങ്ങളിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തിയവരുടെ വിവരവും അറിയിക്കണം. ഉത്തരവുകൾ ലംഘിക്കുന്നവർക്ക് എതിരെ ഡിഡിഎംഎ ആക്ട് പ്രകാരം നടപടി എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിൽ മാനന്തവാടിയിലും കല്പറ്റയിലും 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. 

കോട്ടയം

കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. 

പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ആംബുലന്‍സ് അയച്ച് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ജില്ലയില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍നിന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ നാട്ടിലെത്തിയ 79 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.