തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന ചൈനയില്‍ നിന്നും മടങ്ങാനൊരുങ്ങിയ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാർത്ഥി സംഘത്തിന് സഹായമെത്തിയില്ല. പരാതിയുമായി വിദ്യാര്‍ത്ഥികള്‍ വീണ്ടും രംഗത്തെത്തി. തിരിച്ചെത്താന്‍ കഴിയാതെ കുൻമിംഗിൽ കുടുങ്ങിക്കിടക്കുകയാണ് മലയാളികൾ ഉൾപ്പടെയുള്ള 21അംഗ സംഘം. ഇക്കാര്യങ്ങള്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എംബസി ഉദ്യോഗസ്ഥർ വിളിച്ചെങ്കിലും മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെന്നും മതിയായ സഹായങ്ങള്‍ നല്‍കിയില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. 

'താമസസൗകര്യം ഒരുക്കിയില്ല. ഇത്രയും പേര്‍ക്ക് ശരിയായി ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. രണ്ട് ദിവസത്തേക്ക് ഇന്ത്യയിലേക്ക് വിമാനമില്ലെന്നാണ് അറിയുന്നത്. എപ്പോൾ വിമാന ടിക്കറ്റ് ലഭ്യമാകുമെന്ന് അറിയില്ല. അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. പക്ഷേ എംബസിയില്‍ നിന്നും ഇക്കാര്യങ്ങളെക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയില്ല'. രണ്ട് ദിവസത്തേക്ക് ഇന്ത്യയിലേക്ക് വിമാനമില്ലാത്തതിനാല്‍ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിന്  പ്രത്യേക വിമാനം ഒരുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ചൈനയിലെ കുമിങ് ഡാലിയൻ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത് . ഇവരുടെ താമസ സ്ഥലത്തും കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് പോകാൻ  തീരുമാനിച്ചത്. സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ടിക്കറ്റും ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തി. എന്നാല്‍ ചൈനയില്‍ നിന്നുള്ളവരുടെ യാത്ര അനുവദിക്കില്ലെന്ന് എയര്‍ലൈൻ കമ്പനി നിലപാടെടുത്തു.  ഇതോടെ യാത്ര മുടങ്ങി. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്ന സര്‍വകലാശാലയിലേക്ക് പോകാനും
പറ്റാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.

"