കൊച്ചി: മെട്രോ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയതിന് പിന്നാലെ നഗരസഭയെ ന്യായീകരിച്ച് കൊച്ചി മേയർ സൌമിനി ജെയ്ൻ. വെള്ളക്കെട്ട് പ്രശ്നത്തിൽ കോർപ്പറേഷനെ പഴിക്കുന്നതിൽ അർഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും മേയർ സൌമിനി ജെയ്ൻ പറഞ്ഞു.

വെള്ളക്കെട്ടിന്റെ പഴി ഉദ്യോഗസ്ഥരിൽ ചുമത്തിയ മേയർ ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടത് ആയിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇപ്പോൾ നഗരത്തിൽ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥർ ആണെന്നായിരുന്നു വിമർശനം. പ്രശ്നത്തിൽ സർക്കാർ ഇടപെടുന്നത് സ്വഭാവികം മാത്രമാണെന്നും സൌമിനി ജെയ്ൻ പ്രതികരിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കാൻ സർക്കാർ നടത്തിയ നടപടികളെയും സൌമിനി ജെയ്ൻ വിമർശിച്ചു. സർക്കാർ ഇടപെട്ട് നടത്തിയപ്പോൾ കൂടുതൽ സംവിധാനം ഏർപ്പെടുത്തേണ്ടത് ആയിരുന്നു. എന്നാൽ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളും ആണ് ഉപയോഗിച്ചത് എന്നായിരുന്നു സൌമിനി ജെയ്ന്റെ പ്രതികരണം. വെള്ളക്കെട്ടിന് കാരണം ഓടകളിലേക്ക് ജനങ്ങൾ മാലിന്യം തള്ളുന്നതാണെന്ന കാരണം ആണ് മേയർ ചൂണ്ടിക്കാട്ടുന്നത്.

വെള്ളക്കെട്ടിൽ കോർപ്പറേഷനെ കുറ്റപ്പെടുത്താനാവില്ലെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദും പ്രതികരിച്ചു.  വെള്ളക്കെട്ടിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന എൽഡിഎഫ് ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞെന്ന് ഉറപ്പാണെന്നും ടി ജെ വിനോദ് പറഞ്ഞു.

എന്നാൽ നഗരസഭയുടെ പിടിപ്പു കേടാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം എന്നാരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഒൻപത് വർഷമായി ഭരണപക്ഷം നിരുത്തരവാദപരമായി പെരുമാറുന്നുവെന്നും ഉദ്ഘാടനം നടത്തുന്നതല്ലാതെ നടപടികൾ ഒന്നും ചെയ്യുന്നില്ലെന്നും കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആരോപിച്ചു.

ഉദ്യോഗസ്‌ഥരെ കൊണ്ട് കാര്യങ്ങൾ ചെയ്യിക്കേണ്ടത് ഭരണപക്ഷം ആണെന്നും പ്രശ്നം ചർച്ച ചെയ്യാൻ അടിയന്തര കൌൺസിൽ വിളിക്കാൻ ആവശ്യപ്പെടുമെന്നും കെ ജെ ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കനത്ത മഴയിൽ എറണാകുളത്തെ പോളിംഗ് ബൂത്തുകൾ അടക്കം വെള്ളത്തിലായതോടെയാണ് അടിയന്തരനടപടിക്ക് സർക്കാർ നിർദേശം നൽകിയത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന് ഇന്നലെ രാത്രിയിൽ തന്നെ തുടക്കമായി. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ.

വോട്ടെടുപ്പ് ദിനമായിരുന്ന ഇന്നലെ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. വെള്ളക്കെട്ട് കാരണം പോളിംഗ് ശതമാനവും മന്ദഗതിയിലായി. പലയിടത്തും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. 

ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന് പേരിട്ട ദൗത്യത്തിൽ ഫയർ ഫോഴ്സും, പൊലീസും, റവന്യൂ അധികൃതരും പങ്കാളികളായി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.

നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട കലൂർ , ഇടപ്പള്ളി, നോർത്ത് ഓവർ ബ്രിഡ്ജ്, ചെട്ടിച്ചിറ എന്നീ സ്ഥലങ്ങളടക്കം ഒൻപതിടങ്ങളിലാണ് ഫയർ ഫോഴ്സിന്‍റെ നേതൃത്വത്തിൽ കാനകൾ വൃത്തിയാക്കിയത്. നപടികൾ ഇന്നും തുടരും.

തുടർച്ചയായി 4  മണിക്കൂർ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന കൊച്ചി നഗരം മെട്രോ നിവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. വെള്ളക്കെട്ടിന്റെ പേരിൽ നഗരസഭയിൽ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ കയ്യാങ്കളിയിലെത്തിയിട്ടു പോലും ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കാൻ ആരും ഇത് വരെ തയ്യാറായിട്ടില്ല. മഴ കനത്താൽ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ നടത്തുന്ന ചില്ലറ അറ്റകുറ്റപണിയിൽ ഒതുങ്ങുന്നതാണ് വിഷയത്തിൽ നഗരസഭയുടെ ഇടപെടൽ. 

വെള്ളക്കെട്ടിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത നഗരസഭക്കെതിരെ നിരവധി പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരെ പഴി ചാരി പ്രശ്നത്തിൽ നിന്ന് തലയൂരാൻ തന്നെയാണ് മേയറുടെ ശ്രമം എന്നതാണ് ശ്രദ്ധേയം ആകുന്നത്.