തിരുവനന്തപുരം:  തിങ്കളാഴ്ച പുറത്തുവിട്ട 2017ലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്ക് പ്രകാരം സംസ്ഥാനത്ത് അഴിമതി കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2015 ല്‍ സംസ്ഥാനത്ത് അഴിമതി നിരോധന നിയമപ്രകാരം കേരളത്തില്‍ റജിസ്ട്രര്‍ ചെയ്ത കേസുകളുടെ എണ്ണം 377 ആയിരുന്നു. 2016 ല്‍ ഇത് 430 ആയി വര്‍ദ്ധിച്ചു. എന്നാല്‍ തിങ്കളാഴ്ച പുറത്തുവിട്ട 2017 ലെ കണക്ക് പ്രകാരം അഴിമതി നിരോധന നിയമപ്രകാരവും അനുബന്ധ ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 142 ആയി കുറഞ്ഞു.

സംസ്ഥാനത്തെ അഴമതിക്കാരായ ഉദ്യോഗസ്ഥര്‍ സ്വസ്ഥമായി ഉറങ്ങാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിലെ നടപടികൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 2016 മേയിലാണ് സംസ്ഥാനത്ത്  അധികാരത്തിലെത്തുന്നത്. ഇതിന് പിന്നാലെയാണ് കുറവ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് ഉൾപ്പെടെ വിജിലൻസ് കോടതികളിൽ എത്തുന്ന അഴിമതി കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 

എന്നാല്‍ അഴിമതി കേസുകള്‍ കുറയാനുള്ള മറ്റുചില കാര്യങ്ങളും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം അഴിമതി തടയാന്‍ നിയോഗിക്കപ്പെട്ട വിജിലന്‍സ് വകുപ്പിന് സര്‍ക്കാറിന്‍റെ കര്‍ശന നിയന്ത്രണം ഉള്ളതിനാലാണ് കൂടുതല്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്യാന്‍ സാധിക്കാത്തത് എന്ന് പറയുന്നു. ഇടത് സര്‍ക്കാര്‍ നിയോഗിച്ച വിജിലന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റിയത് ഇതിന്‍റെ ഭാഗമായി കാണാം എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്താതെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.,

2018 ല്‍ കേന്ദ്രം പാസാക്കിയ അഴിമതി നിരോധ നിയമ ഭേദഗതികള്‍ കൂടി നടപ്പിലാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന് ആശങ്കയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അഴിമതി വിരുദ്ധ ബ്യൂറോയുടെ സുതാര്യത ഉറപ്പ് വരുത്താനാണ് ഭേദഗതികൾ എന്നാണ് പറയുന്നത്. എന്നാൽ ഇവയിൽ പലതും വകുപ്പിനെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. അഴിമതി ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ അധികാരികളിൽ നിന്ന് അനുമതി വാങ്ങണമെന്ന് പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ഇതിന് പുറമെ മുൻ ഉദ്യോഗസ്ഥർ നടത്തിയ അഴിമതിക്ക് ഇവരെ വിചാരണ ചെയ്യുന്നതിന് സർക്കാർ അനുമതി വേണമെന്നും നിയമം പറയുന്നു. ഇത്തരം നിബന്ധനകൾ നടപടികളുടെ വേഗം കുറയ്ക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഇതു കൂടതെ അനുമതി തേടിയുള്ള അപേക്ഷ തള്ളാൻ സർക്കാറിന് കഴിയും. ഇത് ഭരണകൂടത്തോട് അടുത്ത് നിൽക്കുന്നവർക്ക് സഹായകമാവും.