Asianet News MalayalamAsianet News Malayalam

കോട്ടൺഹിൽ റാഗിങ്: പ്രതിഷേധവുമായി രക്ഷിതാക്കൾ, ആശങ്ക പരിഹരിക്കുമെന്ന് പിടിഎ, പ്രതികരിക്കാനില്ല - പ്രിൻസിപ്പാൾ

മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി

 

 

cotton hill school raging,parents protest in school
Author
Thiruvananthapuram, First Published Jul 25, 2022, 11:08 AM IST

തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ് വിഷയത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ. പരാതിക്കാരായ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ ആണ് സ്കൂളിൽ പ്രതിഷേധിച്ചത്. ആക്രമണം നടത്തിയ സീനിയർ വിദ്യാർത്ഥിനികൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രിൻസിപ്പാൾ വിൻസെന്‍റ് പറഞ്ഞു.

സ്കൂളിനെ തകർക്കാനുള്ള മന:പൂർവ്വമായുള്ള ശ്രമമെന്നാണ് അധ്യാപക രക്ഷകർതൃ സമിതിയുടെ ആരോപണം. ചെറിയ സംഭവത്തെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാൻ ആർ പ്രദീപ് പറഞ്ഞു. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുമെന്നും ആർ പ്രദീപ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു.  ഈ വിദ്യാർഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല. 

മ്യൂസിയം പൊലീസ് സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ  കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതി‍ർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ  പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. 

സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസിലും ഉന്നതാധികാരികൾക്കും റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ടെന്നും ഹെഡ്‍മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios