തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് ചില ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തു. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മദ്യത്തിന് അടിപ്പെട്ടവര്‍ക്ക് വിഷമതകള്‍ ഉണ്ടാകാനും മറ്റ് സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മദ്യാസക്തി ഉള്ളവര്‍ക്ക് ചികിത്സയും കൗണ്‍സിലിംഗും ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളന്തതില്‍ കൂട്ടിച്ചേര്‍ത്തു. 

അതിനാല്‍ എക്‌സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി സംഘടിപ്പിച്ച ഡീ അഡിക്ഷന്‍ സെന്ററുകള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിന് ആവശ്യമായ സ്ഥലം വിട്ടുതരാന്‍ തയ്യാറാണെന്ന് കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിട്ടുണ്ട്. ധ്യാനകേന്ദ്രം പോലെ ആയിരക്കണക്കിന് പേര്‍ക്ക് കഴിയാവുന്ന കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇത് ഉപയോഗപ്പെടുത്താവുന്നതാണ് എന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. അതും ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഇതിന് മറ്റ് ചില സ്രോതസ്സ് കണ്ടെത്തിക്കൂടെ എന്ന അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. അത് ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.