കൊച്ചി: ലോക്ഡൗണിൽ തൊഴിലില്ലാതായതോടെ സ്വന്തം വിശപ്പടക്കാൻ പോലും പ്രയാസപ്പെടുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ തങ്ങളുടെ വരുമാനത്തിന്‍റെ ഒരുപങ്ക് മറ്റുള്ളവരുടെ വിശപ്പടക്കാൻ മാറ്റിവച്ചിരിക്കുകയാണ് മൂവാറ്റുപുഴയിലെ ഒരു കുടുംബം. വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം കഴിച്ച് മടങ്ങാവുന്നൊരു കടയും തുറന്ന് വച്ച് അവർ മാതൃകയാവുകയാണ്.

ബിസ്മില്ലാ ,എന്നാൽ അല്ലാഹുവിന്‍റെ നാമത്തിൽ, അതാണ് അഷ്റഫും ഹലീമയും തങ്ങളുടെ ഉന്തുവണ്ടി കടയ്ക്കിട്ട പേര്. കടയിലെത്തുന്നവരുടെ കീശയിൽ പണമുണ്ടോ എന്ന് ഇവരിപ്പോൾ നോക്കാറില്ല. വിശക്കുന്നവർക്ക് മതിവരുവോളം ചെറുകടികളും ചായയും കുടിച്ച് മടങ്ങാം. പണമുണ്ടെങ്കിൽ മാത്രം ചെറുകടിയൊന്നിന് അഞ്ച് രൂപ വീതം കൊടുത്താൽ മതി.

മൂന്ന് പെൺമക്കൾ കൂടി അടങ്ങുന്ന കുടുംബത്തിന്‍റെ ഏകവരുമാന മാർഗമാണ് ഈ കട. ലോക്ഡൗണിൽ കുറച്ച് കാലം കട അടച്ചിടേണ്ടി വന്നപ്പോൾ വരുമാനം നിലച്ചു.എന്നാൽ പിന്നീട് കട തുറന്നത് ഇങ്ങനെയൊരു ബോർഡ് കൂടി എഴുതി തൂക്കിയാണ്. വിശപ്പ് മാറിയ ശേഷം പലരുടെയും മുഖത്ത് കണ്ട സംതൃപ്തിയാണ് തങ്ങളുടെ എറ്റവും വലിയ സമ്പാദ്യമെന്നാണ് അഷ്റഫും ഹലീമയും പറയുന്ന്ത്. ലാഭം കിട്ടുന്നതിന്‍റെ ഒരുപങ്ക് പാവപ്പെട്ടവർക്ക് ചികിത്സാസഹായമായി കൊടുത്തും നല്ല മാതൃകയാവുകയാണ് ഈ ദമ്പതികൾ.