1994 ജനുവരിയിലുണ്ടായ സി പി എം-ആര്‍ എസ് എസ് സംഘര്‍ഷത്തിലാണ് സദാനന്ദന്‍റെ ഇരുകാലുകളും നഷ്ടമായത്
ദില്ലി: രാജ്യസഭാംഗമായി രാഷ്ട്രപതി നോമിനേറ്റ് ചെയ്ത കേരളത്തിലെ ബി ജെ പി നേതാവ് സദാനന്ദൻ മാസ്റ്റർക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ രംഗത്ത്. സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അനീതിക്ക് മുന്നിൽ കീഴടങ്ങാത്ത മനോഭാവത്തിന്റെയും മാതൃകയാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. അക്രമത്തിനും ഭീഷണിക്കും മാഷുടെ ആവേശത്ത തടയാനാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. അധ്യാപകനായും സാമൂഹിക പ്രവർത്തകനായുമുള്ള സദാനന്ദൻ മാസ്റ്ററുടെ പ്രവർത്തനം പ്രശംസനീയമാണെന്നും എം പിയെന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാകട്ടെയന്നും പ്രധാനമന്ത്രി ആശംസിച്ചു. സദാനന്ദൻ മാസ്റ്റർ അഭിമാനം എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശം ആണിതെന്നും കേരളത്തിൽ ബി ജെ പി എത്ര ത്യാഗം സഹിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് സദാനന്ദൻ മാസ്റ്ററുടെ ജീവിതമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
അതേസമയം സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർ എസ് എസ് നേതാവ് സി സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തുള്ള കേന്ദ്രസർക്കാരിന്‍റെ ഉത്തരവുമിറങ്ങി. മൂന്ന് പതിറ്റാണ്ട് മുമ്പ് സി പി എം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സദാനന്ദൻ കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. കാലുകള്‍ നഷ്ടമായപ്പോള്‍ വീല്‍ചെയറിലും പിന്നീട് വെപ്പുകാലിന്റെയും സഹായത്തോടെയും പൊതുപ്രവര്‍ത്തനത്തില്‍ സജീവാണ് സദാനന്ദൻ. ആര്‍ എസ് എസിലൂടെ ബി ജെ പിയിലെത്തിയ സദാനന്ദൻ, ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബി ജെ പിയുടെ പുതിയ ഭാരവാഹികളുടെ പട്ടികയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഉയർത്തപ്പെട്ടിരുന്നു. 1994 ജനുവരിയിലുണ്ടായ സി പി എം-ആര്‍ എസ് എസ് സംഘര്‍ഷത്തിലാണ് സദാനന്ദന്‍റെ ഇരുകാലുകളും നഷ്ടമായത്. അന്ന് ആര്‍ എസ് എസ് കണ്ണൂര്‍ ജില്ലാ കാര്യവാഹക് ആയിരുന്നു സദാനന്ദന്‍. ആക്രമണത്തിനിരയാകുമ്പോള്‍ മുപ്പതുവയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആക്രമണം. പിന്നീട് ഈ പെൺകുട്ടിയെ തന്നെ അദ്ദേഹം വിവാഹം കഴിച്ചു.
2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി സ്ഥാനാർഥിയായി കൂത്തുപറമ്പ് മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. 2016 ൽ കൂത്തുപറമ്പിൽ മാസ്റ്റർക്ക് വേണ്ടി വോട്ട് തേടി മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. സി പി എമ്മിന്‍റെ അക്രമരാഷ്ട്രീയം വീണ്ടും ചർച്ചയാക്കാനാണ് സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലെത്തിക്കുന്ന ബി ജെ പിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ തന്നെ സദാനന്ദനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത കേന്ദ്രസർക്കാരിന്റെ തീരുമാനം വലിയ തോതിൽ ശ്രദ്ധനേടിയിട്ടുണ്ട്.
