കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ദീപ്തി മേരി വർഗീസിന്‍റെ വിമർശനം. കോൺഗ്രസ് സെൻട്രൽ കേരള സോണൽ മീറ്റിങ്ങിലായിരുന്നു ദീപ്തി വിമർശനം ഉന്നയിച്ചത്.
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ പദവി നൽകാതെ തഴഞ്ഞതിൽ കോൺഗ്രസ് നേതൃ ക്യാമ്പിൽ വിമർശനം ഉന്നയിച്ച് ദീപ്തി മേരി വർഗീസ്. കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നാണ് ദീപ്തി വിമർശനം ഉന്നയിച്ചത്. മേയറെ തിരഞ്ഞെടുത്ത രീതിയെയാണ് ദീപ്തി യോഗത്തിൽ വിമർശിച്ചത്. കോൺഗ്രസ് സെൻട്രൽ കേരള സോണൽ മീറ്റിങ്ങിലായിരുന്നു വിമർശനം. വ്യക്തിപരമായ പരാതികൾ ഉന്നയിക്കാനുള്ള വേദിയാക്കരുതെന്ന് കെ സി വേണുഗോപാലിന്റെ നിർദ്ദേശം നിലനിൽക്കെയാണ് ദീപ്തി മേരി വർഗീസിന്‍റെ വിമർശനം.
വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിച്ച കൊച്ചി കോർപ്പറേഷനിൽ മേയര്‍ തെരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡം ലംഘിച്ച് ഗ്രൂപ്പുകള്‍ തന്നെ വെട്ടിയെന്നാണ് ദീപ്തി മേരി വർഗീസിന്‍റെ പരാതി. പലതട്ടുകളിലായി വിഘടിച്ചു നിൽക്കുന്ന എ ഗ്രൂപ്പും, രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും, വി ഡി സതീശന്റെ അനുയായികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒന്നിക്കുന്ന കാഴ്ചയാണ് കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ കണ്ടത്. പാര്‍ട്ടിയിലെ കെസി ഗ്രൂപ്പുകാരിയാണ് ദീപ്തി. ദീപ്തിയെ വെട്ടാനാണ് മൂന്ന് കൂട്ടരും ഒന്നിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കെസിയെ ലക്ഷ്യം വച്ചുള്ള വിശാലനീക്കത്തിന്‍റെ തുടക്കമാണ് കൊച്ചിയിൽ ഉണ്ടായതെന്നുമാണ് പാര്‍ട്ടിയിലെ കെസി അനുകൂലികള്‍ വിലയിരുത്തുന്നത്. എഐസിസിയെ ഉൾപ്പെടെ പരാതി അറിയിച്ച് സംഘടനാപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ദീപ്തിയുടെയും ഒപ്പം നിൽക്കുന്നവരുടെയും തീരുമാനം.
