ഗവ കോളേജ് വിദ്യാർത്ഥികളായ റിൻഷാദ്, മുഹമ്മദ് ഫാരിസ് എന്നിവർക്ക് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്


മഞ്ചേരി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ കോളേജിലെ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച നടപടിക്കെതിരെ മഞ്ചേരി ജില്ലാ സെഷൻസ് കോടതി. ഇത്തരം ഗുരുതരമായ കേസുകളിൽ ജാമ്യം നൽകാൻ കീഴ്ക്കോടതികൾക്ക് അധികാരമില്ലെന്നും ജില്ലാ സെഷൻസ് കോടതി നിരീക്ഷിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കേസ് ജില്ലാ സെഷൻസ് കോടതി ഈ മാസം അഞ്ചിന് പരിഗണിക്കും. ഗവ കോളേജ് വിദ്യാർത്ഥികളായ റിൻഷാദ്, മുഹമ്മദ് ഫാരിസ് എന്നിവർക്ക് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. 

കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാന്പസില്‍ പതിച്ചെന്ന പ്രിന്‍സിപ്പലിന്‍റെ പരാതിയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് റിൻഷാദ്. മുഹമ്മദ് ഫാരിസ് ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും. തീവ്ര ഇടതുപക്ഷ നിലപാടുള്ള റാഡിക്കല്‍ സ്റ്റുഡന്‍റ്സ് ഫോറം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണിവര്‍. 

കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്. പ്രിന്‍സിപ്പലാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. എസ്എഫ്ഐ അനുഭാവിയായിരുന്ന റിൻഷാദ് സംഘടനയ്ക്ക് തീവ്രത പോരെന്ന നിലപാട് സ്വീകരിച്ചാണ് നാല് മാസം മുമ്പ് ആര്‍എസ്എഫ് രൂപീകരിച്ചത്. സംഘടനയ്ക്ക് പ്രവര്‍ത്തനാനുമതി തേടിയിരുന്നെങ്കിലും കോളേജ് അധികൃതര്‍ നല്‍കിയിരുന്നില്ല.