സഭയുടെ ചരിത്രത്തില്‍ സിറിയക്കിനെയും ബിജു തോമസിനേയും പോലെ ഏകദേശം ഒരുലക്ഷം പേര്‍ ഇതുവരെ പുറത്താക്കപ്പെട്ടെന്നാണ് കണക്ക്. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് ക്നാനായ കത്തോലിക്ക നവീകരണ സമിതി എന്ന സംഘടന രൂപീകരിച്ചു. 

കോട്ടയം: സഭയ്ക്ക് പുറത്തുനിന്ന് വിവാഹം ചെയ്തതിന് അംഗങ്ങളെ പുറത്താക്കുന്ന ക്നാനായ സഭയുടെ നടപടിക്കെതിരെയുള്ള കോട്ടയം അഡീഷണൽ സബ് കോടതിയുടെ വിധി ചര്‍ച്ചയാകുന്നു. മേല്‍ക്കോടതി സ്റ്റേ ചെയ്തെങ്കിലും വിപ്ലവകരമായ വിധിയാണെന്നാണ് മറ്റ് സഭകളില്‍ നിന്ന് വിവാഹം കഴിച്ച ശേഷം ക്നാനായ സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ പറയുന്നത്. നൂറുവര്‍ഷം പഴക്കമുള്ള ക്നാനായ സമൂഹത്തില്‍ വലിയ നിയമപോരാട്ടത്തിനാണ് കോട്ടയം സബ്കോടതിയുടെ വിധിയിലൂടെ കളമൊരുങ്ങുന്നത്.

സിറോ മലബാര്‍ സഭയില്‍ നിന്ന് കല്ല്യാണം കഴിച്ചതിനെ തുടര്‍ന്ന് 46 വര്‍ഷം മുമ്പാണ് കോട്ടയം ചുങ്കം സ്വദേശി സിറിയക് ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. സഭാ നിയമപ്രകാരം മൂന്ന് മക്കളടങ്ങുന്ന സിറിയക്കിന്‍റെ കുടുംബം ക്നാനായ സഭയ്ക്ക് പുറത്താണ്. സഭയുടെ ചരിത്രത്തില്‍ സിറിയക്കിനെയും ബിജു തോമസിനേയും പോലെ ഏകദേശം ഒരുലക്ഷം പേര്‍ ഇതുവരെ പുറത്താക്കപ്പെട്ടെന്നാണ് കണക്ക്. പുറത്താക്കപ്പെട്ടവര്‍ ചേര്‍ന്ന് ക്നാനായ കത്തോലിക്ക നവീകരണ സമിതി എന്ന സംഘടന രൂപീകരിച്ചു. 

2015 ല്‍ സഭയുടെ ഭ്രഷ്ട് കല്‍പ്പിക്കലിനെതിരെ കോടതിയെ സമീപിച്ചു. ഈ ഏപ്രില്‍ 30 ന് കോട്ടയം അഡീഷണൽ സബ് കോടതിയുടെ ആ സുപ്രധാനമായ വിധിയെത്തി. ഏതെങ്കിലും കത്തോലിക്ക രൂപതയിൽപ്പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിൽ ക്നാനായ സഭാംഗത്തെ സഭയിൽ നിന്ന് പുറത്താക്കരുത്. അത്തരത്തിൽ പുറത്താക്കുന്നതിൽ നിന്ന് കോട്ടയം അതിരൂപത മെത്രപ്പോലീത്ത, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എന്നിവരെ വിലക്കണം എന്ന് കോടതി നിർദേശിച്ചു. വിപ്ലവകരമായ വിധി പക്ഷേ സഭ അംഗീകരിച്ചില്ല. അപ്പീലില്‍ ജില്ലാ കോടതി വിധി സ്റ്റേ ചെയ്തു. അടുത്തയാഴ്ച വീണ്ടും വാദം കേള്‍ക്കും. 

വംശീയ സ്വത്വവും രക്തശുദ്ധിയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹ നിഷ്ഠ കൊണ്ടുവന്നതെന്നാണ് ക്നാനായ സഭയുടെ വിശദീകരണം. മറ്റ് കത്തോലിക്കാ വിഭാഗങ്ങളിൽ നിന്ന് ഭിന്നമായി വിവാഹം, മരണം, ജനനം എന്നിവയ്‌ക്കെല്ലാം ഇവര്‍ പ്രത്യേക ആചാരങ്ങളും പാലിച്ചുപോരുന്നു.