കോഴിക്കോട്: റോഡ് ഉപരോധിച്ച് സമരം നടത്തിയതിന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അടക്കം 12 പേര്‍ക്ക് പിഴ ശിക്ഷ. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1300 രൂപ പിഴശിക്ഷ വിധിച്ച കോടതി ഇത്തരം സമരങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുളള എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള മാനാഞ്ചിറ-വെളളിമാടുകുന്ന് റോഡിന്‍റെ നവീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് മലാപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് എംജിഎസ് നാരായണന്‍  സമരം നടത്തിയത്. 

ഇക്കഴിഞ്ഞ ജൂലൈ 29നായിരുന്നു സമരം. റോഡ് ഉപരോധിച്ചുളള പഴഞ്ചന്‍ സമരരീതി പൊതുജനത്തെ വലയ്ക്കുന്നതാണെന്ന് കോടതി പറഞ്ഞു. വിധി അംഗീകരിച്ച എംജിഎസും മറ്റ് 11 പേരും പിഴ അടച്ചു. ആദ്യമായാണ് എംജിഎസിന് ഒരു കോടതിയില്‍ നിന്ന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത്. കോടതിവിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എംജിഎസ് പ്രതികരിച്ചു. റോഡപകടങ്ങളില്‍ മരിച്ച നൂറോളം പേരെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ശിക്ഷ കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനാഞ്ചിറ-വെളളിമാടുകുന്ന് റോഡ് വീതികൂട്ടുന്നതിനുളള സ്ഥലമേറ്റെടുപ്പിനായി റോഡ് ഫണ്ട് ബോര്‍ഡ് 100 കോടി രൂപ അനുവദിച്ച് വര്‍ഷങ്ങളായിട്ടും ഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്തിയിട്ടില്ല. വീതി കുറഞ്ഞ റോഡില്‍ അപകടങ്ങള്‍ നിത്യ സംഭവമായതോടെയാണ് എംജിഎസിന്‍റെയും തായാട്ട് ബാലന്‍റെയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യം ഉടന്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സമര സമിതി അറിയിച്ചു.