കൊച്ചി: സ്വപ്ന സുരേഷിന് സംരക്ഷണം നൽകണമെന്ന് കോടതിയുടെ നിർദ്ദേശം. ജയിൽ ഡിജിപിക്കും സൂപ്രണ്ടിനും കോടതി ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും സ്വപ്ന  കോടതിയോട് ആവശ്യപ്പെട്ടിരുന്നു.  ഈ മാസം 22 വരെ സ്വപ്നയുടെ റിമാന്റ് കാലാവധി നീട്ടി. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് സ്വപ്നയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി. 

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ആയിരുന്ന സമയത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുളളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന കോടതിയിൽ പറഞ്ഞിരുന്നു.

അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്നാണ് അന്ന് വന്നവർ പറഞ്ഞത്. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. 25നാണ് അവർ ജയിലിലെത്തി തന്നെ കണ്ടതെന്നും സ്വപ്ന പറഞ്ഞിരുന്നു. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞതും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയതും.