ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

ഈ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യം ചെയ്യാനും വിജിലൻസിന് അനുമതി നൽകി. ടെണ്ടർ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയൽ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എജിഎം എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവരാണ് റിമാൻഡിലുള്ളത്. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

ഇതു സംബന്ധിച്ച് വിവരം ലഭിക്കാൻ പ്രതികളെ ജയിലിൽ വച്ചായാലും കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും വിജിലൻസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.