Asianet News MalayalamAsianet News Malayalam

എം സി കമറുദ്ദീന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും തള്ളി

ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പുതുതായി 11 കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതോടെ കമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി. 

court rejected m c Kamaruddin bail application
Author
Kanhangad, First Published Nov 12, 2020, 12:58 PM IST

കൊച്ചി: എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം സി കമറുദ്ദീന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ആവശ്യമെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന് വീണ്ടും കോടതിയെ സമീപിക്കാം.  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എംഎൽഎയുടെ  ജാമ്യാപേക്ഷ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. 

സ്വാധീനമുള്ള വ്യക്തിയായതിനാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. 70 ലധികം കേസുകളിൽ പ്രതിയായ കമറുദ്ദീന് ആദ്യ ലട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കും , സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യത തുടങ്ങിയ പൊസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പുതുതായി 11 കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതോടെ കമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി. കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയും നൽകി. 

എന്നാൽ നേരത്തെ രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചതിനാൽ വീണ്ടും കസ്റ്റഡി ഉടൻ അനുവദിക്കില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കൂടുതൽ കേസുകളിൽ പല തവണയായി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാൽ കമറുദ്ദീന്‍റെ റിമാൻഡ് കാലാവധി നീളുകയാണ്. ജാമ്യത്തിനുള്ള സാധ്യത കുറയുന്നതിനാൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കമറുദ്ദീന്‍റെ അഭിഭാഷകർ. അതേ സമയം ഒന്നാം പ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.


 

Follow Us:
Download App:
  • android
  • ios