കൊച്ചി: കസ്റ്റംസ് കേസിലും എം ശിവശങ്കറിന്  ജാമ്യമില്ല. കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന്  വ്യക്തമാക്കിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴി ഉണ്ടെന്ന് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള കോടതിയുടെ വിധിയിൽ വ്യകതമാക്കുന്നു.  ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സരിതിന്‍റെയും സ്വപ്നയുടെയും  മൊഴിയിൽ വ്യക്തമാണ്. 

പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ പങ്കിനെ പറ്റി പറയുന്നുണ്ട്. മറ്റ് പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്‍റെ വാദം നിലനിൽക്കില്ല. ഡിജിറ്റൽ തെളിവുകളും ശിവശങ്കറിന് എതിരാണ്. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് വ്യക്തമാകുന്നതായും കോടതി ചൂണ്ടികാട്ടി. അടുത്ത കാലം വരെ ഉന്നത പദവി വഹിച്ച ശിവശങ്കർക്ക് വൻ സ്വാധീനം ചെലുത്താൻ കഴിയും.ജാമ്യം കൊടുത്താൽ ഉന്നത വ്യക്തികളുടെ സഹായത്തോടെ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന്  കോടതി നിരീക്ഷിച്ചു. ഇന്ത്യയിൽ കള്ളക്കടത്തിന്  പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. 

ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ ഗുരുതര അസുഖം ഇപ്പോഴും ഉണ്ടെന്ന്  മെഡിക്കൽ സർട്ടിഫിക്കറ്റിൽ വ്യക്തമല്ല. ആരോഗ്യകാരണങ്ങൾ പറഞ്ഞ്  സര്‍വീസിലുള്ളപ്പോള്‍ ഒരു അവധി പോലും എടുത്തിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ ഒളിച്ചെന്ന കസ്റ്റംസ് വാദം ശരിയാണ്. ഒന്നിൽ കൂടുതൽ മൊബൈൽ ഫോൺ ഉള്ളകാര്യം മറച്ചുവെച്ചുവെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ശിവശങ്കർ കസ്റ്റംസിന്  നൽകിയ മൊഴി കൂടി പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.