അതേ സമയം കുട്ടികളുടെ പാർക്കിലെ ഗാർഡൻ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് വ്യക്തമാക്കി.
കോഴിക്കോട്: പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിന് അനുമതി നൽകിയത് ഏത് സാഹചര്യത്തിലെന്ന് കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇന്ന് കേസ് പരിഗണിക്കാനിരിക്കെയാണ് തിരക്കിട്ട് പഞ്ചായത്ത് പാർക്കിന് അനുമതി നൽകിയത്. 2018 ൽ അടച്ചുപൂട്ടിയ പിവിആർ നാച്ചുറൽ പാർക്ക് കഴിഞ്ഞ ഓഗസ്റ്റ് മുതൽ വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും കുടിശ്ശികയുള്ളതിനാൽ പഞ്ചായത്ത് ലൈസൻസ് ലഭിച്ചിരുന്നില്ല.
പഞ്ചായത്ത് അനുമതിയില്ലാതെ പാർക്ക് പ്രവർത്തിക്കുന്നുവെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തിരക്കിട്ടുള്ള നീക്കം. കുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതിയെന്നാണ് പഞ്ചായത്തിന്‍റെ വാദം. കുടിശ്ശികയായ തുകയടക്കം 7 ലക്ഷം രൂപ ഈടാക്കിയാണ് അനുമതി നൽകിയതെന്ന് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ എന്തൊക്കെ പ്രവർത്തിപ്പിക്കണമെന്നതടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
